ഓണക്കാലത്തിനാശ്വാസം പച്ചക്കറി വില കുറയുന്നു.


കോട്ടയം: ഓണമെത്താൻ രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെ ഓണക്കാലത്തിനാശ്വാസം പകർന്നു പച്ചക്കറി വില കുറയുന്നു. കഴിഞ്ഞ ഒരു മാസത്തിലേറെയായി ഉയർന്നു നിന്ന പച്ചക്കറി വിലയാണ് ഇപ്പോൾ കുറഞ്ഞു തുടങ്ങിയിരിക്കുന്നത്. തക്കാളി,ഇഞ്ചി, ഉള്ളി,ചേമ്പ്,ബീൻസ് തുടങ്ങി വില ഉയർന്നു നിന്ന പച്ചക്കറികളുടെയെല്ലാം വില കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്തു നിന്നും എത്തുന്ന പച്ചക്കറികളുടെ വരവ് കുറഞ്ഞതാണ് പച്ചക്കറിക്ക് വില ഉയരാൻ കാരണമായത്. എന്നാൽ വരും ദിവസങ്ങളിൽ തമിഴ്‌നാട്ടിൽ നിന്നും മഹാരാഷ്ട്ര, കർണ്ണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ പച്ചക്കറികൾ എത്തിത്തുടങ്ങും. വില ഉയർന്നതോടെ ഓണക്കാലം ബുദ്ധിമുട്ടിലാകുമെന്ന ചിന്തയിലായിരുന്നു വ്യാപാരികളും ജനങ്ങളും. കിഴങ്ങിനും സവോളയ്ക്കും മാങ്ങയ്ക്കും നാരങ്ങയ്ക്കും വില കുറഞ്ഞു. 300 രൂപയായിരുന്നു ഇഞ്ചി വില 200 രൂപയ്ക്കും അതിൽ താഴ്ന്ന വിലയിലും ഇപ്പോൾ ലഭിക്കുന്നുണ്ട്. 160 രൂപയായിരുന്നു തക്കാളിപ്പഴത്തിന്റെ വില 70 ആയി കുറഞ്ഞു. മറ്റു പച്ചക്കറികളിലും വിലയ്ക്ക് ആനുപാതികമായ കുറവ് വന്നിട്ടുണ്ട്.