ഏറ്റുമാനൂർ: വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിലേക്ക് ഒരു പെൺകുട്ടി പരാതിയുമായി വിളിക്കുന്നത്. രാത്രിയിൽ തന്നെ വീട്ടിൽ നിന്നും ഇറക്കി വിട്ടു എന്നാണു വിദ്യാർത്ഥിനിയുടെ പരാതി. രാത്രിയിൽ വിദ്യാർത്ഥിനി വീട് വിട്ടിറങ്ങിയെന്നും വഴിയിൽ നിൽക്കുകയുമാണെന്നും കേട്ട പോലീസ് വളരെ വേഗത്തിൽ പെൺകുട്ടി നൽകിയ വിലാസത്തിൽ ഓടിയെത്തുകയായിരുന്നു. പോലീസ് എത്തുമ്പോൾ വഴിയിൽ നിൽക്കുകയായിരുന്ന പെൺകുട്ടിയെ അനുനയിപ്പിച്ച് വീട്ടിലേക്ക് തിരികെ കയറ്റി. വീട്ടിൽ അമ്മയും മകളുമായുണ്ടായ തർക്കങ്ങൾ തുടർന്ന് വീട്ടുപകരണങ്ങളിൽ ചിലത് നശിപ്പിച്ച നിലയിലായിരുന്നു. താൻ തന്നെയാണ് ദേഷ്യത്തിൽ ഇവയെല്ലാം തല്ലിത്തകർത്തതെന്നു പെൺകുട്ടി പോലീസിനോട് പറഞ്ഞു. യു കെ യിൽ വിദ്യാർത്ഥിനിയായ പെൺകുട്ടിയുടെ കുടുംബം കഴിഞ്ഞയിടയ്ക്കാണ് നാട്ടിലെത്തിയത്. അടുത്ത ദിവസം തിരികെ യു കെ യിലേക്ക് പോകാനിരിക്കുന്നതിനിടെയാണ് ഇരുവരും തമ്മിൽ വഴക്കുണ്ടായത്. 'അമ്മ ഉപദ്രവിക്കുന്നുവെന്നും രാത്രി സിനിമയ്ക്ക് കൊണ്ടുപോയില്ല എന്നും തനിക്ക് സ്വാതന്ത്ര്യം നൽകുന്നില്ല എന്നുമാണ് പരാതിയായി പെൺകുട്ടി പോലീസിനോട് പറഞ്ഞത്. പെൺകുട്ടിയെ അനുനയിപ്പിച്ച ശേഷം പോലീസ് അമ്മയുമായി സംസാരിക്കുന്നതിനിടെ കരഞ്ഞു ക്ഷീണിച്ച അവരുടെ നാക്ക് സംസാരത്തിനിടെ കുഴയുന്നത് കണ്ടു സംശയം തോന്നിയ എസ്ഐ എച്ച്.ഷാജഹാൻ ഉടനെ തന്നെ പെൺകുട്ടിയുടെ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് താൻ അമിത അളവിൽ ഗുളിക കഴിച്ചതായി പോലീസിനോട് വെളിപ്പെടുത്തുന്നത്. പെൺകുട്ടിയുടെ മാതാവിനെ ആദ്യം ഏറ്റുമാനൂർ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. പോലീസിന്റെ അവസരോചിതമായ ഇടപെടലിലാണ് ഒരു ജീവൻ രക്ഷിക്കാനായത്. അല്പസമയവും കോടി വൈകിയിരുന്നെങ്കിൽ ജീവൻ നഷ്ടമാകുമായിരുന്നു എന്നാണു മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞത്. വീട്ടിൽ നിന്നും തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും പോലീസ് പെൺകുട്ടിക്ക് ഒപ്പമുണ്ടായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയുടെ മാതാവ് അപകടനില തരണം ചെയ്തു എന്ന് ഉറപ്പ് വരുത്തി ബന്ധുക്കളെ വിളിച്ചു വരുത്തി പെൺകുട്ടിയെ ഏൽപ്പിച്ച ശേഷമാണ് ഏറ്റുമാനൂർ എസ്ഐ എച്ച്.ഷാജഹാൻ, ഡ്രൈവർ നിതിൻ ശ്രീനിവാസൻ, ഹോം ഗാർഡ് രാജപ്പൻ, വനിത സിവിൽ പൊലീസ് ഓഫിസർ ലേഖ എന്നിവർ മടങ്ങിയത്.