കോട്ടയത്ത് നഗരമധ്യത്തിൽ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം, സംഭവം വെള്ളിയാഴ്ച രാത്രി, നില ഗുരുതരം.


കോട്ടയം: കോട്ടയത്ത് നഗരമധ്യത്തിൽ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. വെള്ളിയാഴ്ച അർദ്ധരാത്രിയിലാണ് സംഭവം. കോട്ടയം ബസേലിയസ് കോളേജിന് സമീപമാണ് വെള്ളിയാഴ്ച രാത്രി 12 മണിയോടെ ആക്രമണമുണ്ടായത്. കടത്തിണ്ണകളിൽ അന്തിയുറങ്ങാറുള്ള ബിന്ദു (40) എന്ന സ്ത്രീക്കാണ് കഴുത്തിനു വെട്ടേറ്റത്. സംഭവത്തിൽ 2 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കട്ടപ്പന സ്വദേശിയായ ബാബുവാണ് വെട്ടിയതെന്നാണ് വിവരം. ഇന്നലെ രാത്രി ഇവർ കടത്തിണ്ണയിലിരുന്നു ഭക്ഷണം കഴിക്കുന്നതിനിടെ മദ്യലഹരിയിൽ ബാബു എത്തുകയും ബിന്ദുവിനെ വെട്ടുകയുമായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഇവർക്ക് സമീപമുണ്ടായിരുന്ന എരുമേലി സ്വദേശിയായ രാജുവിനെയും ബാബു ആക്രമിക്കാൻ ശ്രമിച്ചു. വെട്ടേറ്റ് റോഡിൽ കിടന്ന ബിന്ദുവിനെ പോലീസ് എത്തിയാണ് ആംബുലൻസിൽ കയറ്റി ആശുപത്രിയിലേക്ക് മാറ്റിയത്. ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ബിന്ദുവിന്റെ നില ഗുരുതരമാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.