പുതുപ്പള്ളിയിൽ വികസനം ചർച്ചയാകുന്നത് ആർക്കാണ് ഇഷ്ടപ്പെടാത്തത്?


കോട്ടയം: പുതുപ്പള്ളിക്ക് ഇപ്പോഴുള്ള ഈ വികസനം മതിയെന്ന് ആരാണ് പറയുന്നത് എന്നും പുതുപ്പള്ളിയിൽ വികസനം ചർച്ചയാകുന്നത് ആർക്കാണ് ഇഷ്ടപ്പെടാത്തത് എന്നും എൽ ഡി എഫ് സ്ഥാനാർഥി ജെയിക് സി തോമസ്. പുതുപ്പള്ളി കേരളത്തിലെ മറ്റെല്ലാ മണ്ഡലങ്ങളോടൊപ്പം വികസിച്ച പ്രദേശമാണെന്ന് ആർക്കാണ് അഭിപ്രായമുള്ളത് എന്നും തിരഞ്ഞെടുപ്പിൽ നാടിന്റെ വളർച്ചയും വികാസവും മുന്നേറ്റവുമല്ലാതെ മറ്റെന്താണ് ചർച്ചയാകേണ്ടത് എന്നും അദ്ദേഹം ചോദിച്ചു. പുതുപ്പള്ളിയുടെ സർവ്വതോന്മുഖമായ വികസനം ഉറപ്പാക്കുമെന്ന് എൽഡിഎഫ് പറയുമ്പോൾ വികസനത്തെ കുറിച്ച് ഒന്നുമേ സംസാരിക്കാനില്ലെന്ന് ചിലർ പറയുന്നത് എന്തുകൊണ്ടാണ് എന്ന് ജനം തിരിച്ചറിയണമെന്നും ജെയിക് പറഞ്ഞു. കുടിവെള്ളമില്ലാത്ത പ്രദേശങ്ങളും സഞ്ചാരയോഗ്യമല്ലാത്ത റോഡുകളും ഇനിയും പണിതീരാത്ത പാലങ്ങളും അടച്ചുറപ്പില്ലാത്ത വീടുകളും ഇനിയും ഡിജിറ്റലാകാത്ത സ്‌കൂളുകളും ആരോഗ്യമില്ലാത്ത ആശുപത്രികളും പട്ടയമില്ലാത്ത ഭൂമികളും വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സർക്കാർ ഓഫീസുകളും കാടു കയറിയ മൈതാനങ്ങളും ബസ്സിന് പ്രവേശിക്കാനാകാത്ത ബസ് സ്റ്റാന്റുകളും തകർന്ന് വീഴാറായ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും വീതിയില്ലാത്ത കവലകളും തറക്കല്ല് മാത്രമുള്ള വികസന തള്ളുകളും എന്നിങ്ങനെ പറഞ്ഞു തീരാത്ത വികസന മുരടിപ്പിന്റെ നേർ സാക്ഷ്യമല്ലേ നമ്മുടെ പുതുപ്പള്ളി എന്നും ജെയിക് ചോദിച്ചു. പുതുപ്പള്ളിക്കാരുടെ ഈ അടിസ്ഥാന വിഷയങ്ങൾ ഉയർത്തിക്കാട്ടുന്നതിലൂടെ അവ ചർച്ച ചെയ്യുന്നതിലൂടെ ആരോഗ്യകരമായ സംവാദങ്ങൾ സംഘടിപ്പിക്കുന്നതിലൂടെയെല്ലാം എൽഡിഎഫ് മുന്നോട്ട് വെക്കുന്നത് പുതുപ്പള്ളിയുടെ സമഗ്ര വികസനമെന്ന കാഴ്ചപ്പാടാണ്. മനുഷ്യന്റെ ജീവൽ പ്രശ്ങ്ങളെ കുറിച്ച് സംസാരിക്കുന്നവർ മോശക്കാരാണെന്നും ഈ വിഷയങ്ങളൊന്നും നാടിന്റെ പ്രശ്നങ്ങളല്ലെന്നും തോന്നുന്നവരുടെ രാഷ്ട്രീയമല്ല പുതുപ്പള്ളിയുടേതെന്ന് തിരിച്ചറിയുന്ന കാലം വിദൂരമല്ല എന്നും ജെയിക് സി തോമസ് പറഞ്ഞു.