പുതുപ്പള്ളിയിൽ പോരിനൊരുങ്ങി മുന്നണികൾ, രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധാ കേന്ദ്രമായി മാറാനൊരുങ്ങി പുതുപ്പള്ളി.


പുതുപ്പള്ളി: അന്തരിച്ച മുൻ മുഖ്യമന്ത്രിയും പുതുപ്പള്ളി എം എൽ എ യുമായ ഉമ്മൻ ചാണ്ടിയുടെ ഒഴിവിലേക്കായി നടത്തുന്ന ഉപതെരഞ്ഞെടുപ്പിൽ പോരാട്ടം ശക്തമാക്കാനുറച്ച് മുന്നണികൾ. പുതുപ്പള്ളിയിൽ പോരിനുള്ള കർമ്മ പദ്ധതികൾ ഇതിനോടകം തന്നെ മുന്നണികൾ തയ്യാറാക്കിക്കഴിഞ്ഞു. യു ഡി എഫ് സ്ഥാനാർത്ഥിയായി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ തന്നെ മത്സരിക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനു പിന്നാലെ മണിക്കൂറുകൾക്കുള്ളിലാണ് യു ഡി എഫ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. എൽ ഡി എഫ് സ്ഥാനാർത്ഥിയെ നാളെ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. ഉപതെരഞ്ഞെടുപ്പിലെ എൽ ഡി എഫ് സ്ഥാനാർത്ഥിയായി ജെയിക് സി തോമസ് തന്നെയാകും മത്സരിക്കുക എന്നാണു ലഭ്യമാകുന്ന വിവരം. ഉപതെരഞ്ഞെടുപ്പ് രാഷ്ട്രീയ പോരാട്ടമാക്കാനാണ് മുന്നണികളുടെ തീരുമാനം. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് സിപിഎം പൂർണ്ണ സജ്ജമായിക്കഴിഞ്ഞതായി മന്ത്രിയും പുതുപ്പള്ളിയുടെ ചുമതലയുമുള്ള സിപിഎം നേതാവുമായ വി.എൻ.വാസവൻ പറഞ്ഞു. പുതുപ്പള്ളി ഇടതുപക്ഷത്തിന് അനുകൂലമായ മണ്ഡലമാണ് എട്ടു പഞ്ചായത്തുള്ളതിൽ ആറും ഭരിക്കുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണെന്നും അദ്ദേഹം പറഞ്ഞു. പുതുപ്പള്ളി മണ്ഡലത്തിൽ വലിയ രാഷ്ട്രീയ അടിത്തറ ഇടതുപക്ഷത്തിനുണ്ടെന്നും സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. അപ്പ മരിച്ചതിനു ശേഷമുള്ള തിരഞ്ഞെടുപ്പാണ്, ആളുകള്‍ക്ക് ആ വൈകാരികത ഉണ്ടാവും. എന്നാല്‍ അതിനോടൊപ്പം തിരഞ്ഞെടുപ്പിനെ രാഷ്ട്രീയ മത്സരമായാണ് കാണുന്നത് എന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.  ജയിക്കുമെന്ന വിശ്വാസമുണ്ടെന്നും എല്ലാം ജനങ്ങൾ തീരുമാനിക്കട്ടെയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. അറ നൂറ്റാണ്ടുകൾക്ക് ശേഷമാണ് ഉമ്മൻ ചാണ്ടിയില്ലാതെ ഒരു തെരഞ്ഞെടുപ്പിനെ പുതുപ്പള്ളി അഭിമുകീകരിക്കുന്നത്. തങ്ങളുടെ ജനകീയനായ നേതാവിന്, പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞിന് പകരമായി ജനങ്ങൾ ആരെയാകും തെരഞ്ഞെടുക്കുക എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധാ കേന്ദ്രമായി മാറാനൊരുങ്ങിയിരിക്കുകയാണ് പുതുപ്പള്ളി. പുതുപ്പള്ളി മണ്ഡലത്തിലെ എട്ടിൽ ആറു തദ്ദേശസ്ഥാപനങ്ങളിലെ ഭരണനേട്ടത്തോടെയാണ് സിപിഎം ഉപതിരഞ്ഞെടുപ്പിന് ഇറങ്ങുന്നത്. മണ്ഡലത്തിലെ പൊതുവികാരം ഉമ്മൻ ചാണ്ടിക്കൊപ്പമാണെന്ന വിശ്വാസത്തിലാണ് കോൺഗ്രസ്സ്. മരണ ശേഷവും അദ്ദേഹത്തിന്റെ കരുതലും സ്നേഹവും വെളിവാക്കുന്നതാണ് പുതുപ്പള്ളി പള്ളിയിലെ അദ്ദേഹത്തിൻറെ കല്ലറയിലെത്തുന്ന ജനങ്ങൾ എന്ന് കോൺഗ്രസ്സ് നേതാക്കൾ പറയുന്നു. മണ്ഡലത്തിലെ പഞ്ചായത്തുകളുടെ ചുമതല നേതാക്കൾക്ക് വിഭജിച്ച് നൽകിയാണ് സി പി എം പ്രചാരണം ശക്തമാക്കുന്നത്. പുതുപ്പള്ളിയിൽ ബി ജെ പിയും ശക്തനായ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.