പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക്‌ ഔദ്യോഗിക തുടക്കം, ഇന്ന് പുതുപ്പള്ളി,അകലക്കുന്നം,പാമ്പാടി മേഖലകളിൽ.


പുതുപ്പള്ളി: പുതുപ്പള്ളി നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക്‌ ഔദ്യോഗിക തുടക്കം കുറിച്ചു. പിതാവ് ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി പ്രാർത്ഥിച്ച ശേഷമാണ് ചാണ്ടി ഉമ്മൻ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക്‌ ഔദ്യോഗിക തുടക്കം കുറിച്ചത്. ഇന്നലെ വൈകുന്നേരം നാലുമണിക്ക് പാമ്പാടി സെന്റ് ജോൺസ് പള്ളി പാരിഷ് ഹാളിൽ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം പി തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ അധ്യക്ഷത വഹിച്ചു. കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ, ഐക്യ ജനാധിപത്യമുന്നണി നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി, പി ജെ ജോസഫ്, മുൻ പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തല, യുഡിഎഫ് കൺവീനർ  എം എം ഹസ്സൻ, വി എം സുധീരൻ, ഷിബു ബേബി ജോൺ, അനൂപ് ജേക്കബ്, മാണി സി കാപ്പൻ, സിപി ജോൺ, ജി ദേവരാജൻ, അഡ്വ. രാജൻ ബാബു, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ സി ജോസഫ്, മോൻസ് ജോസഫ്, നാട്ടകം സുരേഷ് തുടങ്ങിയവർ കൺവെൻഷനിൽ പങ്കെടുത്തു. ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ ഏകോപിപ്പിയ്ക്കുന്നതിന്റെ ഭാഗമായി ഐക്യ ജനാധിപത്യ മുന്നണിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ ഉദ്ഘാടനം നിർവഹിച്ചു. പാമ്പാടി ബസ് സ്റ്റാന്റിനു സമീപമാണ് ഓഫിസ് പ്രവർത്തനം ആരംഭിച്ചത്. പുതുപ്പള്ളി,അകലക്കുന്നം,പാമ്പാടി മേഖലകളിലാണ് ഇന്ന് ചാണ്ടി ഉമ്മന്റെ പ്രചാരണ പരിപാടികൾ.