അമിത നിരക്ക് ഈടാക്കുന്നതായി പരാതി; സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങളിൽ വിജിലൻസിൻ്റെ മിന്നൽ പരിശോധന.


തിരുവനന്തപുരം: സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങളിൽ അമിത നിരക്ക് ഈടാക്കുന്നതായി പരാതി ലഭിച്ചതിനെ തുടർന്ന് അക്ഷയ കേന്ദ്രങ്ങളിൽ വിജിലൻസിൻ്റെ മിന്നൽ പരിശോധന നടന്നു. ഓപ്പറേഷൻ ഇ സേവ എന്ന പേരിൽ 130-ലധികം അക്ഷയ കേന്ദ്രങ്ങളിൽ ആണ് വെള്ളിയാഴ്ച പരിശോധന നടത്തിയത്. സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങളിൽ അമിത നിരക്ക് ഈടാക്കുന്നതായി വിജിലൻസിന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മിന്നൽ പരിശോധന നടന്നത്. രാവിലെ 11 മണിയോടെയാണ് പരിശോധന ആരംഭിച്ചത്. ജില്ലാ അക്ഷയ പ്രോജക്ട് ഓഫീസർമാർ അക്ഷയ സെന്റർ നടത്തിപ്പുകാരിൽ നിന്ന് കൈക്കൂലി വാങ്ങി ഇത്തരം അഴിമതികൾക്കും ക്രമക്കേടുകൾക്കും കൂട്ടുനിൽക്കുന്നതായും ആക്ഷേപമുയർന്നിരുന്നു. ഇത്തരം സാഹചര്യങ്ങൾ നിലനിൽക്കുന്നതിനാലും പരാതികൾ ലഭിച്ചതിന്റെയും അടിസ്ഥാനത്തിലാണ് വിജിലൻസ് പരിശോധന നടത്തിയത്. വിജിലൻസ്‌ മേധാവി ടി. കെ. വിനോദ്‌ കുമാറിന്റെ നിർദേശപ്രകാരം വിജിലൻസ് ഐജി ഹർഷിത അട്ടല്ലൂരി, എസ്‌പി ഇ. എസ്‌. ബിജുമോൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിവിധ യൂണിറ്റുകളിൽ പരിശോധന. കംപ്യൂട്ടർ നിർമിത രസീത്‌ നൽകുന്നില്ല എന്നും സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച ക്യാഷ്‌ ബുക്ക്‌ സൂക്ഷിക്കുന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും സംഘം കണ്ടെത്തി. അക്ഷയ സെന്ററിൽ പൊതുജനങ്ങൾക്ക് പരാതി എഴുതാൻ രജിസ്റ്റർ വയ്ക്കണമെന്നും ഈ രജിസ്റ്റർ ജില്ലാ അക്ഷയ പ്രോജക്റ്റ്  കോർഡിനേറ്റർ പരിശോധിക്കണമെന്നും നിർദ്ദേശം നിലനിൽക്കെ മിക്കവാറും കേന്ദ്രങ്ങളിൽ ഇവ പാലിക്കപ്പെടുന്നില്ലെന്നും വിജിലൻസ് സംഘം കണ്ടെത്തി. അക്ഷയ കേന്ദ്രം നടത്തിപ്പുകാർ ചില സർക്കാർ ഉദ്യോഗസ്ഥരുടെ ഇടനിലക്കാരായി പ്രവർത്തിക്കുന്നുവെന്നും ആരോപണം ഉയർന്നിരുന്നു.