പാലാ: പാലായിൽ റബ്ബർ തോട്ടത്തിൽ നിന്നും അഴുകിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. രണ്ടു ദിവസം മുന്‍പ് കാണാതായ ലോട്ടറി വില്‍പനക്കാരി പ്രീതി (31)യുടെ മൃതദേഹമാണ് പാലാ വലവൂര്‍ ഐഐഐടിക്കു സമീപത്തെ റബ്ബർ തോട്ടത്തിൽ നിന്നും കണ്ടെത്തിയത്.
മൃതദേഹം അഴുകി തുടങ്ങിയിരുന്നു. അതേസമയം ഇവർക്കൊപ്പം കാണാതായ ലോട്ടറി വില്‍പനക്കാരനായ പ്രകാശനെ(51) ഇന്നലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇരുവരെയും കാണാനില്ല എന്ന പരാതിയിൽ പാലാ പോലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് ഇന്നലെ പ്രകാശനെ തൂങ്ങി മരിച്ച നിലയിലും പ്രീതിയെ ഇന്ന് റബ്ബർ തോട്ടത്തിൽ മരിച്ച നിലയിലും കണ്ടെത്തിയത്.
ഇന്ന് ഉച്ചക്ക് 2 മണിയോടെയാണ് പ്രീതിയുടെ മൃതദേഹം കണ്ടെത്തിയത്. വിവസ്ത്രമായ നിലയിലുള്ള മൃതദേഹത്തിന്റെ കഴുത്തിൽ തുണി ചുറ്റിയിരുന്നു. പ്രീതിയെ കൊലപ്പെടുത്തിയ ശേഷം പ്രകാശ് ജീവനോടിക്കിയതാകാം എന്ന നിഗമനത്തിലാണ് പോലീസ്. ഇരുവരുടെയും മരണത്തിൽ ദുരൂഹതയുള്ളതായി പോലീസ് പറഞ്ഞു. വലവൂർ സ്വദേശിനിയാണ് പ്രീതി. ലോട്ടറി വില്പനയ്ക്കാരനായിരുന്ന പ്രകാശനുമായി പ്രീതി സൗഹൃദത്തിലായിരുന്നു എന്നും പിന്നീടുണ്ടായ അഭിപ്രായ വ്യത്യാസങ്ങൾ കൊലപാതകത്തിൽ കലാശിച്ചതാകാമെന്നുമാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളു എന്ന് പാലാ പോലീസ് പറഞ്ഞു. ഭർത്താവ് ഉപേക്ഷിച്ച പ്രീതി 2 മക്കളുടെ അമ്മയാണ്. പ്രകാശന് ഭാര്യയും 2 മക്കളുമുണ്ട്. നടപടികൾ പൂർത്തിയാക്കി പ്രീതിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.