ജനനായകന് യാത്രപറഞ്ഞ് കോട്ടയം, വിലാപയാത്ര അക്ഷരനഗരിയിലേക്ക് എത്തുന്നു, കാത്തിരിക്കുന്നത് പതിനായിരങ്ങൾ.


കോട്ടയം: ജനനായകന് അവസാന യാത്ര പറയാനൊരുങ്ങുകയാണ് കോട്ടയം. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര അക്ഷരനഗരിയിലേക്ക് എത്തുന്നു. തിരുനക്കര മൈതാനത്ത് തയ്യാറാക്കിയിരിക്കുന്ന പ്രത്യേക പന്തലിൽ പതിനായിരങ്ങളാണ് ഇന്നലെ മുതൽ അവസാനമായി ജനകീയനായ ജനനേതാവിനെ കാണാനായി കാത്തിരിക്കുന്നത്. പുതുപ്പള്ളിയെ മാത്രമല്ല കേരളത്തെ മുഴുവൻ കറയിച്ചാണ് ഉമ്മൻ ചാണ്ടിയുടെ മടക്കം. അക്ഷരാർഥത്തിൽ കണ്ണീർക്കടലായി മാറിയിരിക്കുകയാണ് വിലാപയാത്ര കടന്നു വരുന്ന പാത. തിരുവനന്തപുരത്ത് നിന്ന് കോട്ടയം വരെ 24 മണിക്കൂർ നീളുന്ന വിലാപ യാത്ര. ഉമ്മൻ ചാണ്ടി വിട പറയുന്നതും ചരിത്രം രചിച്ചു കൊണ്ടാണ്. തിരിരുവനന്തപുരം മുതൽ കോട്ടയം വരെ നീളുന്ന അവസാന യാത്രയയപ്പ്. എം സി റോഡിനെ കണ്ണീർക്കടലാക്കി ജനസാഗരം തീർത്താണ് വിലാപയാത്ര കോട്ടയത്തേക്ക് കടന്നു വരുന്നത്. വിലാപയാത്ര എത്തുന്ന എം സി റോഡിൽ പാതയോരത്ത് ആദരാഞ്ജലികളർപ്പിച്ചു ആയിരങ്ങളാണ് തടിച്ചു കൂടിയിരിക്കുന്നത്. പൂക്കളെറിഞ്ഞും കൈകൾ കൂപ്പിയും ചിത്രങ്ങളുമാണ് നിരവധിപ്പേരാണ് ആദരാഞ്ജലികൾ അർപ്പിക്കുന്നത്. മെഴുകുതിരികൾ കത്തിച്ചു പിടിച്ചും തങ്ങളുടെ പ്രിയ നേതാവിന് ജനം ആദരാഞ്ജലികൾ അർപ്പിച്ചു. കോട്ടയം പുതുപ്പള്ളിയിലെ ഒരു സാധാരണക്കാരനിൽ നിന്നും കേരളത്തിന്റെ അമരക്കാരനായി മാറിയ ജനപ്രിയ നേതാവ്, അതായിരുന്നു പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞെന്ന ഉമ്മൻ ചാണ്ടി. കോട്ടയത്ത് പൊതുദര്ശനത്തിനുള്ള ഒരുക്കങ്ങൾ ഇന്നലെ തന്നെ പൂർത്തിയായിരുന്നു. രാത്രിയെ പകളാക്കിയാണ് വിലാപയാത്ര കോട്ടയത്തേക്ക് കടന്നു വന്നത്.