തിരുനക്കരയിലേക്ക് ഒഴുകിയെത്തിയത് ജനസാഗരം, വിലാപയാത്ര പുതുപ്പള്ളിയിലേക്ക്, സംസ്കാരം രാത്രി ഏഴരയോടെ.


കോട്ടയം: ജനമനസ്സുകളിൽ ഇനിയും ജീവിക്കുന്ന അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അവസാനമായി ഒരു നോക്ക് കാണാൻ തിരുനക്കരയിലേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങൾ. മണിക്കൂറുകൾ നീണ്ട നിരയിൽ വെയിലിനെയും ക്ഷീണത്തെയും വകവെയ്ക്കാതെ ജനസാഗരം തിരുനക്കരയിലേക്ക് ഒഴുകുകയായിരുന്നു. തങ്ങളുടെ ജനനായകന് വിട നൽകുന്നതിനായി നാനാതുറകളിൽ നിന്നും ആൾക്കടലായിരുന്നു എത്തിയത്. മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ് തുടങ്ങിയ സിനിമാതാരങ്ങളും, ബംഗാൾ ഗവർണർ സി.വി.ആനന്ദബോസ്, കേരളാ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, മന്ത്രിമാർ, രാഷ്ട്രീയ രംഗത്തെ മറ്റു പ്രമുഖരും ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനായി തിരുനക്കരയിൽ എത്തി.

 

 വിലാപയാത്ര പുതുപ്പള്ളിയിലേക്ക് പുറപ്പെടാനൊരുങ്ങുകയാണ്. സമയക്രമങ്ങൾ എല്ലാം തെറ്റിച്ച വിലാപയാത്രയായിരുന്നു കേരളം കണ്ടത്. ഉമ്മൻ ചാണ്ടിയുടെ സംസ്കാരം രാത്രി ഏഴരയോടെ. കോട്ടയം ഡിസിസി ഓഫിസിൽ വിലാപയാത്ര എത്തിയപ്പോൾ ജനലക്ഷങ്ങളാണ് തടിച്ചുകൂടിയത്.

 

 പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിക്കും. കുടുംബവീട്ടിലും നിർമാണത്തിലുള്ള വീട്ടിലും പൊതുദർശനത്തിന് വയ്ക്കും.