കണ്ണീർക്കടലായി എം സി റോഡ്, പൂക്കള്‍ അര്‍പ്പിച്ചും കൈകള്‍ കൂപ്പിയും ചിത്രങ്ങളുമായും സ്മരണാഞ്ജലികള്‍ അര്‍പ്പിച്ചു ജനം.

കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കിളിമാനൂരിൽ എത്തി. വിലാപയാത്ര കടന്നു വരുന്ന പാതയോരങ്ങളിൽ ആയിരങ്ങളാണ് മഴയും വെയിലും തളർച്ചയും ക്ഷീണവും വകവെയ്ക്കാതെ മണിക്കൂറുകളോളം കാത്തു നിന്ന് തങ്ങളുടെ ജനനായകനെ കാണാനായി നിൽക്കുന്നത്. അക്ഷരാർത്ഥത്തിൽ കണ്ണീർക്കടലായി മാറിയിരിക്കുകയാണ് എം സി റോഡ്. കോട്ടയത്തേക്കുള്ള വിലാപയാത്ര തുടരുകയാണ്. വൈകിട്ടോടെ വിലാപയാത്ര കോട്ടയത്ത് എത്തിച്ചേരും. പൂക്കള്‍ അര്‍പ്പിച്ചും കൈകള്‍ കൂപ്പിയും ചിത്രങ്ങളുമായും സ്മരണാഞ്ജലികള്‍ അര്‍പ്പിച്ചു ജനം പാതയോരത്ത് കാത്തു നിൽക്കുകയാണ്. വിലാപയാത്ര 23 കിലോമീറ്റർ പിന്നിടാൻ എടുത്തത് അഞ്ചര മണിക്കൂർ സമയമാണ്. ജനങ്ങൾക്കിടയിൽ ജീവിച്ച നേതാവിന്റെ അവസാനയാത്രയും ജനങ്ങൾക്ക് നടുവിലൂടെയാണ്. എപ്പോൾ കണ്ടാലും പുഞ്ചിരിയോടെയുള്ള മുഖവും അടുത്ത എത്തുന്നവരുടെ ആവശ്യങ്ങൾ അന്വേഷിച്ചും കടന്നു പോയ ഉമ്മൻ ചാണ്ടി ഇന്ന് പുഞ്ചിരിയില്ലാതെ ആരുടേയും ശബ്ദം കേൾക്കാതെയാണ് കടന്നു പോകുന്നത്. പുതുപ്പള്ളിയെ സ്നേഹിച്ച പുതുപ്പള്ളിയെ ജീവശ്വാസമാക്കിയ ഏതൊരാവശ്യത്തിനും ഏതു സമയവും സങ്കടം പറഞ്ഞു ഓടിയെത്തിയ പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞു ആദ്യമായി പുതുപ്പള്ളിയെ കരയിച്ചു. കടന്നു വരുന്ന വഴികളിലെല്ലാം നിരവധിയാളുകളാണ് ജനനായകനെ അവസാനമായി ഒരു നോക്ക് കാണാനായി കാത്ത് നിൽക്കുന്നത്.  പ്രത്യേകം തയ്യാറാക്കിയ കെ എസ് ആർ ടി ബസ്സിലാണ് ഏറ്റവും കൂടുതൽ കാർ യാത്ര ചെയ്ത എംസി റോഡിലൂടെ ജന്മനാട്ടിലേക്ക് ഉമ്മൻ ചാണ്ടിയുടെ അവസാന മടക്കം. ജന്മനാട്ടിലേക്ക് അവസാനമായി എത്തുകയാണ് പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞായ ഉമ്മൻ ചാണ്ടി. ജന്മാനാടിന്റെ ആദരവ് ഏറ്റുവാങ്ങി പുതുപ്പള്ളിയിൽ അന്ത്യനിദ്രകൊള്ളും. ഉമ്മൻ ചാണ്ടിയുടെ കുടുംബാംഗങ്ങളും മുതിർന്ന കോൺഗ്രസ്സ് പ്രവർത്തകരും ഭൗതിക ശരീരത്തിനൊപ്പം വിലാപയാത്രയിൽ കെ എസ് ആർ ടി സി ബസ്സിൽ അനുഗമിക്കുന്നുണ്ട്.