കർക്കടക മാസ പൂജ: ശബരിമല നട നാളെ വൈകിട്ട് 5 മണിക്ക് തുറക്കും, ആദ്യമായി ശബരിമലയിലെ കർക്കടക മാസപൂജയും വാവുബലിയും ഒരുമിച്ച്.


ശബരിമല: കർക്കടക മാസത്തെ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും. ഞായറാഴ്ച വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് രാജീവരരുടെ മുഖ്യ കാർമ്മികത്വത്തിൽ മേൽശാന്തി കെ. ജയരാമൻ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും. തുടർന്ന് അയ്യപ്പനെ ധ്യാന നിദ്രയിൽ നിന്ന് ഉണർത്തിയതിനു ശേഷം മേൽശാന്തി പതിനെട്ടാം പടിയിറങ്ങി താഴത്തെ തിരുമുറ്റത്തെ ഹോമകുണ്ഡത്തിൽ അഗ്നി പകരുന്നതാണ്.

 

 ഇതിനുശേഷമാണ് ഭക്തരെ പതിനെട്ടാംപടി ചവിട്ടാൻ അനുവദിക്കുക. ശബരിമലയിലെ കർക്കടക മാസപൂജയും വാവുബലിയും ഒരുമിച്ച് എത്തുന്നത് ആദ്യമായാണ്. പതിനേഴാം തീയതി മുതലാണ് കർക്കടക മാസ പൂജകൾ ആരംഭിക്കുന്നത്. വാവുബലി ദിനമായ 17ന് പുലർച്ചെ പമ്പയിൽ പിതൃതർപ്പണം ആരംഭിക്കും. പിതൃതർപ്പണത്തിന് എത്തുന്നവർക്കായി ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. പമ്പയിലെ ത്രിവേണി സംഗമത്തിൽ ബലിതർപ്പണം നടത്തുന്നത് പുണ്യമായാണ് വിശ്വാസികൾ കരുതുന്നത്.

 

 എല്ലാ വർഷവും സ്ത്രീകളടക്കമുള്ള ഭക്തർ ബലിതർപ്പണത്തിനായി പമ്പാതീരത്ത് എത്താറുണ്ട്. വനവാസ കാലത്ത് ശ്രീരാമൻ പിതാവ് ദശരഥ മഹാരാജാവിന്റെ മരണവാർത്ത അറിയുന്നത് പമ്പയുടെ തീരത്തുവച്ചാണെന്നാണ് വിശ്വാസം. തീർഥാടകർക്ക് പമ്പയിൽ പിതൃതർപ്പണം നടത്തി മലകയറി സന്നിധാനത്തെത്തി ദർശനം നടത്തി മടങ്ങാനുള്ള ക്രമീകരണങ്ങൾ പൂർത്തിയായിട്ടുണ്ട്. തീർഥാടകരുടെ വലിയ തിരക്കാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. ബലിയിടാൻ പമ്പാ മണപ്പുറത്ത് കൂടുതൽ ബലിപ്പുരകൾ ദേവസ്വം ബോർഡ് അനുവദിച്ചിട്ടുണ്ട്. പിതൃതർപ്പണം 17ന് പുലർച്ചെ നാലുമുതൽ ആരംഭിക്കും. 16ന് വൈകിട്ട് മുതൽ പമ്പയിൽ ബലിപ്പുരകൾ സജ്ജമാകും. പമ്പാ നദിയിൽ ജലനിരപ്പ് കൂടുതൽ ആയതിനാൽ അഗ്നിരക്ഷാ സേനയും മുങ്ങൽ വിദഗ്ധരും സേവനത്തിനുണ്ടാകും. കെഎസ്ആർടിസി ചെങ്ങന്നൂർ, പത്തനംതിട്ട, എരുമേലി, കൊട്ടാരക്കര, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നു പമ്പയ്ക്ക് പ്രത്യേക സർവീസും നടത്തും.