മഴയ്ക്ക് ശമനമായെങ്കിലും ജില്ലയുടെ പടിഞ്ഞാറൻ മേഖലകളിലെ ദുരിതമൊഴിയുന്നില്ല, വീടുകളിൽ നിന്നും വെള്ളമിറങ്ങിയിട്ടില്ല.


കോട്ടയം: ജില്ലയിൽ കനത്ത മഴയ്ക്ക് ശമനമായെങ്കിലും കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലകളിലെ ദുരിതമൊഴിയുന്നില്ല. ശാക്തമായ മഴ ശമിച്ചതോടെ ജില്ലയുടെ കിഴക്കൻ മലയോര മേഖലകൾ ആശ്വാസത്തിലാണ്‌. എന്നാൽ കിഴക്കൻ വെള്ളം ഒഴുകിയെത്തിയതോടെ ദുരിതക്കയത്തിലാണ് ജില്ലയുടെ പടിഞ്ഞാറൻ മേഖലകളും താഴ്ന്ന പ്രദേശങ്ങളും.

 

 അഞ്ഞൂറിലധികം കുടുംബങ്ങളാണ് വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ഇപ്പോഴും ക്യാമ്പിൽ തന്നെ കഴിയുന്നത്. ഇല്ലിക്കൽ,തിരുവാർപ്പ്,ചെങ്ങളം, കുമരകം, വൈക്കം മേഖലകൾ തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളം കയറി. മഴ കുറഞ്ഞെങ്കിലും കിഴക്കൻ വെള്ളത്തിന്റെ വരവ് ഇപ്പോഴും ശക്തമായി തുടരുന്നതിനാൽ ഈ മേഖലകളിലെ വെള്ളം ഇറങ്ങുന്നത് ഇനിയും താമസിച്ചേക്കും.

 

 തലയോലപ്പറമ്പ്,തലയാഴം മേഖലകളിലെ നിരവധി വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. കോട്ടയം ജില്ലയിൽ ആകെ 75 ദുരിതാശ്വാസ ക്യാമ്പുകൾ ആണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. കോട്ടയം താലൂക്കിൽ 60 ദുരിതാശ്വാസ ക്യാമ്പുകളും ചങ്ങനാശേരി താലൂക്കിൽ 14 ദുരിതാശ്വാസ ക്യാമ്പുകളും പ്രവർത്തിക്കുന്നുണ്ട്. വൈക്കം താലൂക്കിൽ ഒരു ക്യാമ്പ് മാത്രമാണുള്ളത്. 1166 കുടുംബങ്ങളിലായി 3535 പേർ വിവിധ ക്യാമ്പുകളിലുണ്ട്. ഇതിൽ 1445 പുരുഷന്മാരും 1501 സ്ത്രീകളും 120 കുട്ടികളുമാണുള്ളത്.