കോട്ടയത്ത് നിയന്ത്രണംവിട്ട ടാങ്കർ ലോറി റോഡരികിലെ ചായക്കടയിലേക്ക് ഇടിച്ചു കയറി നാലുപേർക്ക് പരിക്ക്.

കോട്ടയം: കോട്ടയത്ത് നിയന്ത്രണംവിട്ട ടാങ്കർ ലോറി റോഡരികിലെ ചായക്കടയിലേക്ക് ഇടിച്ചു കയറി നാലുപേർക്ക് പരിക്ക്. കോട്ടയം പാമ്പാടിയിൽ എട്ടാം മൈലിൽ വൈകുന്നേരം അഞ്ചു മണിയോടെയായിരുന്നു അപകടം. നിയന്ത്രണംവിട്ട ടാങ്കർ ലോറി എതിർവശത്ത് റോഡരികിലെ ചായക്കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ 4 പേർക്ക് പരിക്കുണ്ട്. പരിക്കേറ്റവരെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്കുകൾ ഗുരുതരമല്ല എന്നാണു ലഭ്യമായ വിവരം. പാമ്പാടി വെള്ളൂർ പി ടി എം സ്കൂളിന് സമീപം ആണ് അപകടം ഉണ്ടായത്. കോട്ടയം ഭാഗത്തേക്ക്‌ പോയ പെട്രോൾ ടാങ്കർ ലോറി നിയന്ത്രണം നഷ്ടമായതിനെ തുടർന്ന് അപകടത്തിൽപ്പെടുകയായിരുന്നു. വാഹന ഡ്രൈവർക്കും കട ഉടമയ്ക്കും കടയിലുണ്ടായിരുന്നവർക്കുമാണ് അപകടത്തിൽ പരിക്കേറ്റത്. കടയുടെ സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിലും ലോറി ഇടിച്ചു.