സ്നേഹവും കരുതലും! ജനഹൃദയന്റെ അരികിലേക്ക് നിലയ്ക്കാതെ ജനപ്രവാഹം, പുതുപ്പള്ളി സെന്റ് ജോർജ്ജ് പള്ളിയിലെ കല്ലറയിലേക്ക് ജനനായകന്റെ ഓർമകളുമായി ജനം.


കോട്ടയം: പുതുപ്പള്ളിയുടെ സ്വന്തം കുഞ്ഞൂഞ്ഞെന്ന ഉമ്മൻ ചാണ്ടിയില്ലാത്ത പുതുപ്പള്ളി പള്ളിയിലെ ആദ്യ ഞായറാഴ്ച കുർബാനയായിരുന്നു ഇന്ന്. ഉമ്മൻ ചാണ്ടിയുടെ കുടുംബാംഗങ്ങൾ എല്ലാവരും കുർബാനയിൽ പങ്കെടുത്ത ശേഷം കല്ലറയിൽ എത്തി, കബറിടം മുഴുവൻ പൂക്കളാലും മെഴുകു തിരികളാലും ചുറ്റപ്പെട്ട കാഴ്ച കണ്ടു ഓരോ കുടുംബാംഗങ്ങളുടെയും കണ്ണ് നനഞ്ഞു.

 

 ദൂരെദിക്കുകളിൽ നിന്നുൾപ്പെടെ നാടിന്റെ നാനാ ദിക്കുകളിൽ നിന്നും ഇപ്പോഴും നിലയ്ക്കാത്ത ജനപ്രവാഹമാണ് ജനഹൃദയന്റെ കല്ലറയിലേക്ക്. ജനങ്ങൾ ഇപ്പോഴും ഒഴുകിയെത്തുകയാണ്. പുലർച്ചെ മുതൽ രാത്രി വരെ നിരവധിപ്പേരാണ് പൂക്കളർപ്പിച്ചും മെഴുകുതിരികൾ കത്തിച്ചതും കണ്ണീരോടെ പ്രാർത്ഥനയോടെ നിൽക്കുന്നത്. തങ്ങളുടെ ജനകീയനായ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാൻ സാധിക്കാതിരുന്നവരാണ് കല്ലറയിലേക്ക് ഇപ്പോഴും ഒഴുകിയെത്തുന്നത്. വിവിധ സഹായങ്ങൾ ലഭിച്ചവരും പരാതികൾക്ക് പരിഹാരം ലഭിച്ചവരും കണ്ണീരോടെയാണ് ഉമ്മൻ ചാണ്ടിയുടെ കല്ലറയ്ക്ക് മുൻപിൽ നിൽക്കുന്നത്.

 

 പുതുപ്പള്ളി സെന്റ് ജോർജ്ജ് പള്ളിയിലെ കല്ലറ കാണാൻ ജനനായകന്റെ ഓർമകളുമായി ഇപ്പോഴും ആളുകൾ വരികയാണ്. ജനങ്ങളുടെ ഹൃദയത്തിലാണ് ഉമ്മൻ ചാണ്ടിയെന്ന ജനകീയ നേതാവിന്റെ സ്ഥാനം,ഇതാണ് ഇന്നും അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നിടത്തേക്ക് ജനങ്ങൾ ഒഴുകി കൊണ്ടിരിക്കുന്നതിന്റെ കാരണം.  തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ളവർ, പ്രായമായവർ, ഭിന്നശേഷിക്കാർ, രോഗികൾ തുടങ്ങി ഒട്ടനവധി പേരാണ് എത്തുന്നത്. കല്ലറയിൽ എത്തുന്ന ഓരോ കുടുംബങ്ങൾക്കും പറയാനുള്ളത് ഓരോ കഥകളാണ്. നിരവധി കുറിപ്പുകളും പൂക്കളുടെ ബൊക്കകളുമാണ് ഉമ്മൻ ചാണ്ടിയുടെ കല്ലറയ്ക്ക് സമീപം ഉള്ളത്. കനത്ത മഴയെ പോലും വകവെയ്ക്കാതെയാണ് കഴിഞ്ഞ ദിവസങ്ങളായി തുടരുന്ന ജനപ്രവാഹം ഇന്നും തുടർന്നത്.