പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞിന് വിട! മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചു.


കോട്ടയം: മുന്മുഖ്യമന്ത്രിയും പുതുപ്പള്ളി എം എൽ എ യുമായ ഉമ്മൻ ചാണ്ടി(79) അന്തരിച്ചു. അർബുദത്തിന് ചികിത്സയിലിരിക്കെ ബെംഗളൂരുവിലെ ആശുപത്രിയിൽ പുലർച്ചെ 4.25നായിരുന്നു അന്ത്യം.

 

 2004-06, 2011-16 കാലങ്ങളിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായി. 1943 ഒക്ടോബർ 31 ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ.ഒ.ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി കോട്ടയം ജില്ലയിലെ കുമരകത്താണ് ഉമ്മൻ ചാണ്ടി ജനിച്ചത്. പുതുപ്പള്ളി എംഡി സ്കൂൾ, സെന്റ് ജോർജ് ഹൈസ്കൂൾ, കോട്ടയം സിഎംഎസ്. കോളജ്, ചങ്ങനാശേരി എസ്ബി കോളജ്, എറണാകുളം ലോ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1970 ൽ, 27 ാം വയസ്സിൽ പുതുപ്പള്ളിയിൽനിന്ന് ആദ്യമായി നിയമസഭയിലെത്തി.

 

 സിപിഎമ്മിന്റെ സിറ്റിങ് സീറ്റായിരുന്ന പുതുപ്പള്ളിയിൽ അന്നത്തെ എംഎൽഎ ഇ.എം. ജോർജിനെയാണ് പരാജയപ്പെടുത്തിയത്. അഞ്ച് പതിറ്റാണ്ടായി പുതുപ്പള്ളിയിലെ എംഎൽഎയായിരുന്നു. 2004ലാണ് ഉമ്മൻ ചാണ്ടി ആദ്യം മുഖ്യമന്ത്രിയാകുന്നത്. പാർലമെന്റ് തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയെ തുടർന്ന് എ കെ ആന്റണി രാജിവെച്ചതിനെ തുടർന്നാണ് ഉമ്മൻചാണ്ടി 2004-ൽ മുഖ്യമന്ത്രിയാകുന്നത്. 2006 വരെ മുഖ്യമന്ത്രിയായി. തുടർന്ന് അഞ്ച് വർഷം പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചു. പിന്നീ‌ട് 2011ൽ വീണ്ടും മുഖ്യമന്ത്രിയായി തിരിച്ചെത്തി. രണ്ട് സീറ്റിന്റെ ഭൂരിപക്ഷത്തിൽ അധികാരത്തിലേറിയ സർക്കാറിനെ ഉമ്മൻ ചാണ്ടിയുടെ നയതന്ത്ര വൈദ​ഗ്ധ്യമായിരുന്നു അഞ്ച് വർഷം പൂർത്തിയാക്കാൻ സഹാ‌യിച്ചത്. ഭരണത്തിന്റെ അവസാന നാളുകളിൽ സോളാർ, ബാർ വിവാ​ദം സംസ്ഥാനത്തെ പിടിച്ചുലച്ചു. വിടവാങ്ങിയത് ജനകീയൻ എന്ന പദത്തിന് ജീവിതം കൊണ്ട് അർഥം രചിച്ച കേരളത്തിന്റെ സ്വന്തം നേതാവ്.