എരുമേലിയിൽ വാക്കുതർക്കത്തെ തുടർന്നുണ്ടായ അടിപിടിയിൽ യുവാവിനെ റോഡിലേക്ക് തള്ളിയിട്ടു, പിക്ക് അപ്പ് വാനിടിച്ചു യുവാവിന് ദാരുണാന്ത്യം.


എരുമേലി: എരുമേലിയിൽ വാക്കുതർക്കത്തെ തുടർന്നുണ്ടായ അടിപിടിയിൽ യുവാവിനെ റോഡിലേക്ക് തള്ളിയിട്ടു. റോഡിലേക്ക് വീണ യുവാവിന് പിക്ക് അപ്പ് വാനിടിച്ചു ദാരുണാന്ത്യം.

 

 എരുമേലി തുമരംപാറ സ്വദേശി മല്ലപ്പള്ളി വീട്ടില്‍ ബാബു-ശോഭന ദമ്പതികളുടെ മകൻ ബിബിന്‍ (19) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 6 മണിയോടെ എരുമേലി കൊരട്ടി ഉറുമ്പിൽ പാലത്തിനു സമീപമായിരുന്നു സംഭവം.

 

 ബൈക്ക് നന്നാക്കുന്നതിന്റെ പണവുമായി ബന്ധപ്പെട്ട് യുവാവും സുഹൃത്തും തമ്മിലുണ്ടായ സാമ്പത്തിക വിഷയത്തെ തുടർന്നാണ് വാക്കുതർക്കവും അടിപിടിയും ഉണ്ടായത്. എരുമേലി തുമരംപാറ സ്വദേശിയായ കൊല്ലംപറമ്പില്‍ വിഷ്ണു (25) ബിബിനെ പിടിച്ചു തള്ളുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. റോഡിലേക്ക് വീണ ബിബിന്റെ ദേഹത്തു കൂടി പിക്കപ്പ് വാൻ കയറി ഇറങ്ങുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാരും മറ്റു സുഹൃത്തുക്കളും ചേർന്ന് ബിബിനെ എരുമേലി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആഷ്‌നയാണ് ഭാര്യ. സഹോദരൻ വിമൽ. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.