കോട്ടയം ജില്ലയിൽ ബാംബൂ കർട്ടൻ തട്ടിപ്പ് സംഘം വിലസുന്നു, ആവശ്യപ്പെടുന്നത് ആദ്യം പറയുന്ന തുകയുടെ പത്തിരട്ടിയിലധികം തുക.


കോട്ടയം: കോട്ടയം ജില്ലയിൽ ബാംബൂ കർട്ടൻ തട്ടിപ്പ് സംഘം വിലസുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തട്ടിപ്പ് സംഘം വീട്ടുകാരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തതായി പരാതിയുയരുന്നുണ്ട്. ബാംബൂ കർട്ടനുകൾ സ്ഥാപിക്കാൻ താത്പര്യമുണ്ടോ എന്ന് ചോദിച്ചു വീടുകളിൽ എത്തുന്ന സംഘം ആദ്യം പറയുന്ന തുകയായിരിക്കില്ല കർട്ടൻ സ്ഥാപിച്ചു കഴിഞ്ഞു പറയുന്നത്. ആദ്യം പറയുന്ന തുകയുടെ പത്തിരത്തിയാണ് പിന്നീട് ഇവർ ആവശ്യപ്പെടുന്നത്. പണം നൽകില്ലെന്ന് വീട്ടുകാർ പറയുന്നതോടെ പിന്നീട് ഇവർ ഭീഷണിയുടെ സ്വരം പുറത്തെടുക്കും. കഴിഞ്ഞ ദിവസം കോട്ടയം പുതുപ്പള്ളി വെട്ടത്ത് കവലയിൽ ഒരു വീട്ടിൽ ബാംബൂ കർട്ടൻ സ്ഥാപിക്കുന്നതിന് ആദ്യം 1500 രൂപ പറയുകയും കർട്ടൻ സ്ഥാപിച്ചു കഴിഞ്ഞു 17000 രൂപ വേണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. തർക്കമായതോടെ വീട്ടുകാർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. സമാനമായ രീതിയിൽ ബാംബൂ കർട്ടൻ തട്ടിപ്പ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടന്നിട്ടുണ്ട്. കുറച്ചുനാൾ മുൻപ് ചിങ്ങവനത്തും ഇതേ രീതിയിൽ സംഘം തട്ടിപ്പ് നടത്തിയിരുന്നു.