കോട്ടയം:  കോട്ടയത്ത് പനി ബാധിച്ച് ചികിത്സയിലായിരുന്ന 8 മാസം പ്രായമായ കുഞ്ഞ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ കോട്ടയം മെഡിക്കൽ കോളേജിന്റെ ഭാഗമായ കുട്ടികളുടെ ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം. കോട്ടയം മണർകാട് ഇല്ലിവളവ് പത്താഴക്കുഴി സ്വദേശി പ്ലാന്തോപ്പിൽ എബിയുടെയും ജോൺസിയുടെ മകൻ ജോഷ് എബി(8 മാസം)ആണ് കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയുടെ ഭാഗമായ കുട്ടികളുടെ ആശുപത്രിയിൽ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. സംഭവത്തിൽ ചികിത്സാ പിഴവ് സംഭവിച്ചതായി ആരോപിച്ചു കുടുംബം. സംഭവത്തിൽ കുട്ടിയുടെ കുടുംബം ആരോഗ്യ മന്ത്രി വീണാ ജോർജ്ജിന് പരാതി നൽകി. കുട്ടിക്ക് ഡോസ് കൂടിയ മരുന്നാണ് നൽകിയത് എന്നും മരുന്ന് നൽകിയ ശേഷം കൃത്യമായി നിരീക്ഷിച്ചിട്ടില്ല എന്നും ഇതാണ് ഹൃദയാഘാതത്തിനു കാരണമായതെന്നും കുടുംബം ആരോപിക്കുന്നു. മെയ് 11നാണ് ജോഷിനെ പനിയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിന്റെ ഭാഗമായ കുട്ടികളുടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പോസ്റ്റ് കോവിഡ് മിസ്‌കോ കാവസാക്കി രോഗമാകാം കുട്ടിയ്‌ക്ക് എന്നായിരുന്നു നിഗമനം. ഈ രോഗത്തിന്റെ ചികിത്സയായിരുന്നു കുട്ടിയ്‌ക്ക് നൽകിയിരുന്നതും. തുടർന്ന് രോഗത്തിൽ മാറ്റമില്ലാതെ വന്നപ്പോൾ മെയ് 29ന് തീവ്രത കൂടിയ ഇൻജെക്ഷൻ നൽകുകയുമായിരുന്നു. ഈ മരുന്ന് ഉപയോഗിക്കുന്നത് മൂലം ഹൃദയാഘാത സാധ്യത ഉണ്ടാകുമെന്നറിഞ്ഞിട്ടും ആവശ്യമായ നിരീക്ഷണം നടത്തിയില്ല എന്നാണു ആശുപത്രിക്കെതിരെ കുടുംബം ആരോപിക്കുന്നത്. കൃത്യമായതും പിഴവില്ലാത്തതുമായ ചികിത്സ നല്കിയെന്നും കുട്ടിയുടെ മരണ കാരണം ഹൃദയസ്തംഭനമാണെന്നും ആശുപത്രി അധികൃതർ പറഞ്ഞു. കഴിഞ്ഞ മെയ് 30 നാണു കുട്ടികളുടെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ജോഷ് എബി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.