പനിച്ചു വിറച്ചു കോട്ടയം! ഡെങ്കിപ്പനി വ്യാപകം, 2 പേർക്ക് മലേറിയ സ്ഥിരീകരിച്ചു, വൈറൽ പനിയും എലിപ്പനിയും, പണി ഭീതിയിൽ ജില്ല.


കോട്ടയം: കോട്ടയം ജില്ലയിൽ പനി ബാധിതരുടെ എണ്ണം ആശങ്കാവഹമായി വർധിക്കുന്നു. മലയോര മേഘലകളിലുൾപ്പടെ നിരവധിപ്പേരാണ് ദിവസേന പനി ബാധിച്ചു സർക്കാർ-സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി എത്തുന്നത്. ജില്ലയുടെ മലയോര മേഖലകളിലും കിഴക്കൻ മേഖലകളിലുമുൾപ്പടെ ഡെങ്കിപ്പനി പടർന്നു പിടിക്കുകയാണ്. ഇതോടൊപ്പം വൈറൽ പനിയും എലിപ്പനിയും ജില്ലയിൽ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കോട്ടയം ജില്ലയിൽ ഇതിനിടെ 2 പേർക്ക് മലേറിയ സ്ഥിരീകരിച്ചു. കറുകച്ചാൽ സ്വദേശിക്കും രാമപുരം സ്വദേശിക്കുമാണ് ജില്ലയിൽ മലേറിയ സ്ഥിരീകരിച്ചത്. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. കൂടുതൽ പേർക്കും പിടിപെടുന്നത് വൈറൽ പനിയാണ്. ഡെങ്കിപനിയും എലിപ്പനിയും ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കോട്ടയം മെ‍ഡിക്കൽ കോളജിൽ ഡെങ്കിപ്പനി ബാധിച്ചു ചികിത്സയിലായിരുന്ന 70 വയസ്സുള്ള സ്ത്രീ കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. ജില്ലയുടെ വിവിധ മേഖലകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഡെങ്കിപ്പനി പ്രതിരോധത്തിനായി കൊതുക് വളരാനുള്ള സാഹചര്യം ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കാലവർഷം ശക്തമാകും മുൻപേ ഇത്തവണ സംസ്ഥാനം സാംക്രമിക രോഗങ്ങളുടെ പിടിയിലായിക്കഴിഞ്ഞിരിക്കുകയാണ്. ഇതിനിടെ കോട്ടയം മെഡിക്കൽ കോളേജിൽ പനി ബാധിച്ച് ചികിത്സയിലിരുന്ന എട്ടു മാസം പ്രായമുളള കുഞ്ഞ് ഹൃദയാഘാതം വന്ന് മരിച്ചിരുന്നു. മണർകാട് സ്വദേശികളുടെ കുഞ്ഞ് ജോഷ് എബിയാണ് മരിച്ചത്. സംഭവത്തിൽ ആശുപത്രിക്കെതിരെ കുഞ്ഞിന്റെ കുടുംബം ആരോ​ഗ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. ഡോസ് കൂടിയ മരുന്ന് നൽകിയ ശേഷം കുഞ്ഞിൻറെ ആരോഗ്യം കൃത്യമായി നിരീക്ഷിക്കാതിരുന്നതാണ് ഹൃദയാഘാതം സംഭവിക്കാൻ ഇടയായതെന്നാണ് കുടുംബത്തിന്റെ ആരോപണം.