ഹവാലാ പണമിടപാട്: ഏറ്റുമാനൂർ,ഈരാറ്റുപേട്ട,ചങ്ങനാശ്ശേരി എന്നിവിടങ്ങളിലായി കോട്ടയം ജില്ലയിലെ 6 സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്, കോട്ടയവും


കോട്ടയം: ഹവാലാ പണമിടപാടുകളുമായി ബന്ധപ്പെട്ട് കേരളത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന റെയിഡിന്റെ ഭാഗമായി കോട്ടയം ജില്ലയിലെ 6 സ്ഥാപനങ്ങളിൽ റെയിഡ് നടത്തി. ഏറ്റുമാനൂർ,ഈരാറ്റുപേട്ട,ചങ്ങനാശ്ശേരി എന്നിവിടങ്ങളിലായാണ് ഇ ഡി റെയിഡ് നടത്തിയത്. ഈരാറ്റുപേട്ടയിലെ ഫോർ നാസ് ജ്വല്ലറി, ഫോറിൻ മണി എക്സ്ചേഞ്ച് സെന്റർ എന്നിവിടങ്ങളിലും ഏറ്റുമാനൂരിലെ സിയോൺ ഡ്യൂട്ടി പെയ്ഡ് ഷോപ് ആൻഡ് മണി എക്സ്ചേഞ്ച് എന്ന സ്ഥാപനത്തിലും ചങ്ങനാശേരിയിൽ സംഗീത ഗിഫ്റ്റ് ഹൗസ്, സംഗീത ഫാഷൻസ്, ചിങ്ങവനത്ത് സംഗീത ഫാഷൻ എന്നീ സ്ഥാപനങ്ങളിലുമാണ് ഇ ഡി റെയിഡ് നടത്തിയത്. റെയിഡുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇ ഡി പുറത്തു വിട്ടിട്ടില്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലാണ് ഇന്നലെ വൈകിട്ട് റെയിഡ് ആരംഭിച്ചത്. കേന്ദ്ര സേനയുടെ സുരക്ഷയിലാണ് റെയ്ഡ് നടന്നത്. കോട്ടയവും കൊച്ചിയും ഹവാലാ പണമെത്തുന്ന പ്രധാന മേഖലകളായി മാറിയിരിക്കുകയാണ് എന്ന് ഇ ഡി പറയുന്നു. കോട്ടയം ജില്ലയിൽ 12 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. പരിശോധനയിൽ 10000 കോടി രൂപയുടെ ഹവാല ഇടപാട് നടന്നതായി കണ്ടെത്തിയതായാണ് സൂചന. വിദേശ കറൻസികളും പിടിച്ചെടുത്തതായാണ് വിവരം.