അവധിക്കാലം പണം സമ്പാദിച്ചു ആഘോഷമാക്കി ടോമും ഇരട്ട സഹോദരിമാരും! ബിരിയാണിയും കപ്പയും വിളമ്പി ചങ്ങനാശ്ശേരി പാലത്ര ബൈപ്പാസിലെ ടോംസ് ഫുഡ് ട്രക്ക്.


ചങ്ങനാശ്ശേരി: സ്‌കൂൾ അടച്ചതോടെ അവധിക്കാലം വെറുമൊരു ആഘോഷകാലമാക്കി മാത്രം സമയം കളയാൻ മൂവർ സംഘമായ വിദ്യാർത്ഥികൾക്ക് താത്പര്യമില്ലായിരുന്നു. അവധിക്കാലം പണം സമ്പാദിച്ചു ആഘോഷമാക്കി മാറ്റുകയാണ് ടോംസ് ഫുഡ് ട്രക്കിലൂടെ ടോമും ഇരട്ട സഹോദരിമാരായ സേറയും സിനയും. 

ചങ്ങനാശ്ശേരിയുടെ ഫുഡ് സ്ട്രീറ്റായി മാറിക്കഴിഞ്ഞിരിക്കുന്ന പാലത്ര ബൈപ്പാസിലാണ് ഈ മൂവർ സംഘത്തിന്റെ ടോംസ് ഫുഡ് ട്രക്ക്. വൈകുന്നേരമാകുന്നതോടെ ഈ മേഖലയിൽ ഭക്ഷണ പ്രിയരുടെ തിരക്കാണ്. വിവിധ തരം വിഭവങ്ങളുമായി നിരവധി ഭക്ഷണ കേന്ദ്രങ്ങളാണ് ആസ്വാദകരെ കാത്തു സർവ്വസജ്ജമായിരിക്കുന്നത്. കുറുമ്പനാടം പകലോമറ്റം വീട്ടിൽ ജോസ് തോമസിന്റെയും  ജിൻസിയുടെയും മക്കളായ ടോം, സേറ, സിന എന്നിവരാണ് ടോംസ് ഫുഡ് ട്രാക്കിന്റെ സാരഥികൾ. 

ഓർഡർ സ്വീകരിക്കുന്നതും ഭക്ഷണം വിളമ്പുന്നതും പണം സ്വീകരിക്കുന്നതുമെല്ലാം ഈ മൂവർ സംഘമാണ്. കുറുമ്പനാടം സെന്റ് പീറ്റേഴ്സ് എച്ച്എസ്എസിലെ വിദ്യാർഥികളാണ് ഈ സഹോദരങ്ങൾ. ടോം പത്താം ക്‌ളാസിലും ഇരട്ട സഹോദരിമാരായ സേറയും സിനയും ഏഴിലുമാണ് പഠിക്കുന്നത്. വീട്ടിൽ നിന്നും മാതാപിതാക്കളുടെ സഹായത്തോടെ തയ്യാറിക്കൊണ്ട് വരുന്ന ഭക്ഷണമാണ് ഇവർ വിളമ്പി നൽകുന്നത്. 

വൈകുന്നേരത്തോടെ വാഹനവുമായി ഇവർ ചങ്ങനാശ്ശേരി പാലത്ര ബൈപ്പാസിൽ എത്തും. ബിരിയാണി, ഫ്രൈഡ് റൈസ്, കപ്പ, പൊറോട്ട തുടങ്ങിയ വിഭവങ്ങളാണ് ഇവർ വിളമ്പുന്നത്. സഞ്ചരിക്കുന്ന ഇവരുടെ ഫുഡ് ട്രക്ക് വാഹനത്തിൽ സ്ററൗ, ബേൺ മെറി, ഇൻവെർട്ടർ, വാട്ടർ ടാങ്ക് തുടങ്ങിയ സംവിധാനങ്ങളുമുണ്ട്. അവധിക്കാലം പണം സമ്പാദിച്ചു ആഘോഷമാക്കുന്നതിന്റെ ഇരട്ടി സന്തോഷത്തിലാണ് മൂവരും.