കോട്ടയം: നാഗമ്പടം മൈതാനത്ത് നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിലെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റാളിൽ കാത്തിരിക്കുന്നത് അത്ഭുതങ്ങളുടെ ലോകമാണ്. ചോദിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം പറയുകയും ചിരിക്കാൻ പറയുമ്പോൾ ചിരിക്കുകയും പാട്ട് പാടാൻ പറയുമ്പോൾ പാട്ട് പാടുകയും കുഞ്ഞുകുഞ്ഞു കണക്കുകൾ കൂട്ടിത്തരികയും ശബ്ദം റെക്കോർഡ് ചെയ്യുകയും ഒക്കെ ചെയ്യുന്ന ഒരു കുഞ്ഞൻ റോബോട്ട്. എന്ന് വച്ച് കരയാനോ ദേഷ്യപ്പെടാനോ പറയരുത്. ചെയ്യില്ല....
പോസിറ്റീവ് ഇമോഷൻസ് മാത്രമേ മെക്കാട്രോണിക് എന്ന ഈ റോബോട്ടിനറിയൂ.... പൊതു വിദ്യാഭ്യാസ വകുപ്പ് നൽകിയ റോബോട്ടിനെ ഇത്തരത്തിൽ പ്രോഗ്രാം ചെയ്‌തെടുത്തത് കോട്ടയം സി.എം.എസ് കോളേജ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഹൈസ്‌കൂൾ വിദ്യാർത്ഥികളാണ്. ഒരു വർഷത്തോളമെടുത്തു മൈക്രോഫ്റ്റ് എന്ന് പേരിട്ടിരിക്കുന്ന ഈ പ്രോഗ്രാമിംഗ് പൂർത്തിയാക്കാൻ. വോയ്‌സ് അസിസ്റ്റന്റിന്റെ സഹായത്തോടെയാണ് ഇതിന്റെ പ്രവർത്തനം. സ്വയം നിർമ്മിത ത്രിഡി പ്രിന്ററാണ് സ്റ്റാളിലെ മറ്റൊരു ആകർഷണം.
ഒരു ലക്ഷം രൂപ വിലമതിക്കുന്ന ത്രിഡി പ്രിന്ററാണ് വിദ്യാർത്ഥികൾ 8000 രൂപ ചെലവിൽ നിർമിച്ച് പ്രദർശിപ്പിച്ചിട്ടുള്ളത്. ടെഡി ബെയർ അടക്കമുള്ള വ്യത്യസ്ത രൂപങ്ങൾ ഈ പ്രിന്ററിൽ പ്രിന്റ് ചെയ്തതും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ടച്ച് സെൻസറും കളർ സെൻസറും ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഡ്രൈവറില്ലാ കാറാണ് മറ്റൊരു പ്രത്യേകത. പനമറ്റം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നുള്ള വിദ്യാർത്ഥികൾ വെർച്ച്വൽ റിയാലിറ്റിയിലൂടെ സ്‌പേസ് സ്റ്റേഷനിലേക്ക് ഒരു യാത്രയൊരുക്കുന്നതും ഈ സ്റ്റാളിലാണ്. ബ്ലൂ ടൂത്തിലൂടെ ബൾബ് തെളിക്കുന്ന വിദ്യയും ഇവിടെ പ്രദർശിപ്പിക്കുന്നുണ്ട്.
തിരഞ്ഞെടുത്ത സ്‌കൂളുകളിലുള്ള അടൽ ടിങ്കറിങ് ലാബിലാണ് വിദ്യാർത്ഥികളുടെ ഇത്തരം ശാസ്ത്ര പരീക്ഷണങ്ങൾ വികസിപ്പിച്ചെടുക്കുന്നത്. ശാസ്ത്രാഭിരുചിയുള്ള വിദ്യാർത്ഥികൾക്ക് അവരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനായി ഇത്തരത്തിൽ ലാബുകൾ സ്ഥാപിച്ചിട്ടുള്ളതു സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളിലേക്കും ഈ ലാബ് വ്യാപിപ്പിക്കാനൊരുങ്ങുകയാണ് പൊതു വിദ്യാഭ്യാസ വകുപ്പിപ്പോൾ.