എന്റെ കേരളം പ്രദർശന വിപണന മേള: ഐ.ടി. മിഷൻ, അക്ഷയ സ്റ്റാൾ സേവനങ്ങൾ അനവധി; തികച്ചും സൗജന്യം.


കോട്ടയം: രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചു നാഗമ്പടം മൈതാനത്തു നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിലെ ഐ.ടി. മിഷൻ സ്റ്റാളിൽ തിരക്കേറുന്നു. ഐ. ടി. മിഷനും കോട്ടയം അക്ഷയ പദ്ധതിയും ചേർന്ന് നടത്തുന്ന സ്റ്റാളിൽ പുതിയ ആധാർ എടുക്കൽ, പഴയ ആധാർ പുതുക്കൽ, 10 വർഷം പൂർത്തിയാക്കിയ ആധാർ പുതുക്കൽ തുടങ്ങിയവ ലഭ്യമാണ്. 

അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്കും ആധാർ എടുക്കാം. റേഷൻ കാർഡ്, ഭക്ഷ്യ സുരക്ഷ, തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, ജനന മരണ രജിസ്‌ട്രേഷൻ തുടങ്ങി എല്ലാ സർക്കാർ ഓൺലൈൻ സേവനങ്ങളും ഇവയുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങളും വിവരങ്ങളും സ്റ്റാളിൽ നിന്ന് സൗജന്യമായി ലഭിക്കും. 

സ്റ്റാൾ സന്ദർശിക്കുന്നവർക്കായി നറുക്കെടുപ്പിലൂടെ ഒന്നാം സമ്മാനമായി 4000 രൂപ ക്യാഷ് പ്രൈസും മാലിന്യ സംസ്‌കരണത്തിനായി ജി ബിനും ലഭിക്കും. രണ്ടാം സമ്മാനമായി 3000 രൂപ ക്യാഷ് പ്രൈസ്, മൂന്നാം സമ്മാനമായി 2000 രൂപ ക്യാഷ് പ്രൈസ് ലഭിക്കും. പ്രോത്സാഹന സമ്മാനമായി ആറ് പേർക്ക് 1000 രൂപ വീതം ലഭിക്കും. പ്രതിദിന ക്വിസ് മത്സരവും സമ്മാനദാനവും ഇതോടൊപ്പം നടക്കുന്നുണ്ട്.