മണിമല വാഹനാപകടം: സഹോദരങ്ങളുടെ മരണത്തിൽ കണ്ണീരിലാഴ്ന്ന് നാട്, ജിസ്സ് യാത്രയാകുന്നത് നീണ്ട നാളത്തെ ചികിത്സകൾക്ക് ശേഷം കാത്തിരുന്ന കണ്മണിയെ കാണാനാവാതെ, സ


മണിമല: എപ്പോഴും ഒരുമിച്ചായിരുന്ന സഹോദരങ്ങളെ വേർപിരിക്കാതെ മരണവും. മണിമലയിൽ വാഹനാപകടത്തിൽ മരിച്ച സഹോദരങ്ങളുടെ കുടുംബത്തെ ആശ്വസിപ്പിക്കാനാകാതെ നാടും നാട്ടുകാരും ബന്ധുക്കളും കുഴങ്ങുകയാണ്. സൗമ്യ സ്വഭാവത്തിനുടമകളായിരുന്ന സഹോദരങ്ങളുടെ മരണ വാർത്തയറിഞ്ഞു നിരവധിപ്പേരാണ് ഇരുവരെയും അവസാനമായി ഒരു നോക്ക് കാണുന്നതിനായി ഭവനത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.ശനിയാഴ്ച വൈകുന്നേരം 6 മണിയോടെയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്.മണിമല പതാലിപ്ളാവ് കുന്നുംപുറത്ത്താഴെ ജിസ്,ജിൻസ് എന്നിവരാണ് ശനിയാഴ്ച വൈകിട്ട് മണിമലയ്ക്ക് സമീപം ഉണ്ടായ വാഹനാപകടത്തിൽ മരിച്ചത്. മണിമലയിൽ നിന്നും കരിക്കാട്ടൂരിലെ വീട്ടിലേക്ക് പോകുകയായിരുന്ന ഇരുവരും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ എതിരെ വന്ന ഇന്നോവ കാർ ഇടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തിൽ നിയന്ത്രണം വിട്ടകാർ റോഡിൽ മൂന്ന് തവണ കറങ്ങി ഇടിച്ചാണ് നിന്നതെന്നും നാട്ടുകാർ പറയുന്നു.വിവാഹത്തിന് ശേഷം നീണ്ട നാളത്തെ ചികിത്സകൾക്ക് ശേഷം കാത്തിരുന്ന കണ്മണിയെ കാണാനാവാതെയാണ് ജിസ്സ് യാത്രയാകുന്നത്. പൊൻകുന്നത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ ജിസ്സിന്റെ ഭാര്യ അൻസു മൂന്ന് മാസം ഗർഭിണിയാണ്. മരിച്ച സഹോദരങ്ങൾ അലുമിനിയം ഫാബ്രിക്കേഷൻ ജോലികൾ ചെയ്യുകയായിരുന്നു. അപകടത്തിൽ ഗുരുതരമായ പരിക്കേറ്റ സഹോദരങ്ങളെ ഉടൻ തന്നെ അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല. സഹോദരങ്ങളിൽ ഒരാൾ ശനിയാഴ്ച രാത്രിയും ഒരാൾ ഞായറാഴ്ച രാവിലെയുമാണ് മരണപ്പെട്ടത്. കടയിൽ നിന്നും വീട്ടിലേക്കുള്ള സാധനങ്ങളുമായി പോകുന്നതിനിടെയാണ് വാഹനാപകടത്തിന്റെ രൂപത്തിൽ ഇരുവരെയും മരണം കവർന്നെടുത്തത്.
ജിസ്, ഭാര്യ അൻസു, അമ്മ സിസമ്മ, അച്ഛൻ യോഹന്നാൻ മാത്യു, ജിൻസ് ജോൺ എന്നിവർ(കുടുംബ ചിത്രം)

വാടക വീട്ടിൽ താമസിക്കുന്ന ഇവർക്ക് സ്വന്തമായി ഒരു വീട് എന്നത് വലിയ സ്വപ്നമായിരുന്നു. അപകടത്തിൽ രണ്ട് മക്കളെയും നഷ്ടപ്പെട്ടതോടെ നെഞ്ചു പിടഞ്ഞിരിക്കുകയാണ് പിതാവ് യോഹന്നാനും മാതാവ് സിസമ്മയും. കുടുംബത്തിന്റെ കൈത്താങ്ങായിരുന്ന മക്കളുടെ മരണത്തിൽ വേദനിക്കുന്ന മാതാപിതാക്കളെ ആശ്വസിപ്പിക്കാനാകാതെ കുഴങ്ങുകയാണ് നാടും നാട്ടുകാരും. ഇരുവരുടെയും സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞു 2:30 ന് മണിമല ഹോളി മാഗി പള്ളിയിൽ നടക്കും.