വ്യവസായിക സുരക്ഷിതത്വ അവാർഡുകൾ പ്രഖ്യാപിച്ചു! കോട്ടയം ജില്ലയിൽ പുരയ്ക്കൽ മോട്ടോഴ്‌സിനും അലോയീസ് ഗ്രാഫിക്‌സിനും പുരസ്കാരങ്ങൾ.


കോട്ടയം: 2022ലെ സംസ്ഥാന വ്യവസായിക സുരക്ഷിതത്വ അവാർഡുകൾ തൊഴിൽ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. 5 വിഭാഗങ്ങളിലായാണ് സംസ്ഥാനത്തെ വ്യവസായ സ്ഥാപനങ്ങളിൽ വ്യവസായിക സുരക്ഷിതത്വ അവാർഡുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. തൊഴിലാളികളുടെ എണ്ണം 500 പേരിൽ കൂടുതലുള്ള വ്യവസായശാലകൾ, 251 മുതൽ 500 വരെ തൊഴിലാളികൾ ജോലി ചെയ്യുന്ന വ്യവസായശാലകൾ, 101 മുതൽ 250 വരെ തൊഴിലാളികൾ ജോലി ചെയ്യുന്ന വ്യവസായശാലകൾ, 21 മുതൽ 100 വരെ തൊഴിലാളികൾ ജോലി ചെയ്യുന്ന വ്യവസായശാലകൾ, 20 പേരിൽ താഴെ തൊഴിലാളികൾ ജോലി ചെയ്യുന്ന വ്യവസായശാലകൾ എന്നിങ്ങനെ വിഭാഗങ്ങളായാണ് അവാർഡുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.

 

 20 പേരിൽ താഴെ തൊഴിലാളികൾ ജോലി ചെയ്യുന്ന വ്യവസായശാലകളിൽ ഓട്ടോമൊബൈൽ റിപ്പയറിംഗ് & സർവ്വീസിംഗ്, ജനറൽ എഞ്ചിനീയറിംഗ്, അഗ്രികൾച്ചറൽ ഇംപ്ലിമെന്റ്‌സ് വിഭാഗത്തിൽ ആണ് പുരയ്ക്കൽ മോട്ടോഴ്‌സിനു അവാർഡ് ലഭിച്ചത്. 20 പേരിൽ താഴെ തൊഴിലാളികൾ ജോലി ചെയ്യുന്ന വ്യവസായശാലകളിൽ പ്രിന്റിംഗ് പ്രസ് എന്ന വിഭാഗത്തിൽ ആണ് അലോയീസ് ഗ്രാഫിക്‌സിനു അവാർഡ് ലഭിച്ചത്. വ്യവസായശാലകളിലെ തൊഴിലാളികളുടെ ആരോഗ്യം, സുരക്ഷിതത്വം,ക്ഷേമം എന്നിവ ഉറപ്പുവരുത്തി അപകടങ്ങൾ കുറയ്ക്കുന്നതിനായി തൊഴിലാളികളേയും മാനേജ്മെന്റിനേയും പ്രോത്സാഹിപ്പിക്കുക എന്നത് സർക്കാരിന്റെ പ്രഖ്യാപിത നയമാണ് എന്നും'വിഷൻ സീറോ ആക്സിഡന്റ്സ്' എന്ന ലക്ഷ്യം മുൻനിർത്തിയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് ഇത് എന്നും മന്ത്രി പറഞ്ഞു. 

ഫാക്ടറിസ് ആൻഡ് ബോയിലേഴ്സ് വകുപ്പ് എല്ലാവർഷവും ദേശീയ സുരക്ഷിതത്വ ദിനത്തോട് അനുബന്ധിച്ച് സുരക്ഷിതത്വത്തിൽ ഉന്നത നിലവാരം പുലർത്തുന്ന വ്യവസായശാലകൾക്കും ജീവനക്കാർക്കും വിവിധ കാറ്റഗറികളിലായി സംസ്ഥാന വ്യാവസായിക സുരക്ഷാ അവാർഡുകൾ നൽകി വരുന്നുണ്ട്. ഓരോ വ്യവസായശാലയും പ്രവർത്തിക്കുന്ന സാഹചര്യവും വ്യവസായ അന്തരീക്ഷവും വ്യത്യസ്തമാണ്. വളരെയധികം സങ്കീർണമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ അപകട സാധ്യതയും കൂടുതലാണ്. ആയതിനാൽ അപകടരഹിതമായി പ്രവർത്തിക്കാൻ ധാരാളം അദ്ധ്വാനവും പ്രത്യേക ശ്രദ്ധയും ഓരോ ഫാക്ടറിയിലും ഉണ്ടാകേണ്ടതുണ്ട്.  

തൊഴിൽ അന്തരീക്ഷം സുരക്ഷിതവും ആരോഗ്യകരവും ആണെന്ന് ഉറപ്പുവരുത്തേണ്ടത് തൊഴിലുടമകൾ എന്ന നിലയിൽ ഫാക്ടറി ഉടമകളുടെ ഉത്തരവാദിത്തമാണ്. തൊഴിലാളികളുടെ പ്രതിനിധികളായ ട്രേഡ് യൂണിയനുകൾക്കും  ജോലിസ്ഥലത്തെ സുരക്ഷിതത്വവും ആരോഗ്യ സമീപനവും കെട്ടിപ്പിടിക്കുന്നതിൽ പ്രധാന പങ്കുണ്ട്. കേരളത്തിൽ ചെറുതും വലുതുമായി ഏതാണ്ട് മുപ്പതിനായിരത്തോളം ഫാക്ടറികൾ ഫാക്ടറി നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുണ്ട്. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഫാക്ടറികളെ ആദരിക്കുക എന്നത്  വ്യവസായ സൗഹൃദ അന്തരീക്ഷം നിലനിർത്താൻ ആവശ്യം വേണ്ട കാര്യമാണ് എന്നും മന്ത്രി പറഞ്ഞു. 

ഓരോ മേഖലയിലും അപകടകഹിതമായി  പ്രവർത്തിക്കുന്ന ഏറ്റവും മികച്ച ഫാക്ടറികൾക്കാണ് വ്യാവസായിക സുരക്ഷിതത്വ അവാർഡ് നൽകിവരുന്നത്.വൻകിട ഫാക്ടറികളും ചെറുകിട ഫാക്ടറികളും വ്യത്യസ്ത നിർമ്മാണ പ്രക്രിയയിൽ ഉൾപ്പെടുന്ന ഫാക്ടറികളും അവാർഡിന്റെ പരിധിയിൽ വരുന്നുണ്ട്. സർക്കാർ നയത്തിന്റെ അടിസ്ഥാനത്തിൽ വ്യവസായശാലകളിലും വാണിജ്യ സ്ഥാപനങ്ങളിലും ഗ്രേഡിങ് സമ്പ്രദായം നടപ്പിലാക്കുന്നതിന്റെ ഭാഗമായി തൊഴിലാളികളുടെ സുരക്ഷിതത്വം, ആരോഗ്യം,ക്ഷേമം എന്നിവ വിലയിരുത്തി  പ്ലാറ്റിനം, ഡയമണ്ട്,ഗോൾഡ്, സിൽവർ, ബ്രോൺസ് എന്നീ കാറ്റഗറികളിലായി മൂന്ന് വർഷം മുമ്പ് ഗ്രേഡിങ് സമ്പ്രദായം നടപ്പിലാക്കുകയും അതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനതല സർട്ടിഫിക്കറ്റ് വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട്.