മുണ്ടക്കയം: 2000 രൂപയുടെ കടലാസ് നോട്ട് നല്‍കി മുണ്ടക്കയം സ്വദേശിനിയായ ലോട്ടറി വില്പനക്കാരി 93 വയസുള്ള ദേവയാനിയമ്മയെ മോഷ്ടാവ് കബളിപ്പിച്ച വാർത്തയറിഞ്ഞു ദേവയാനിയമ്മക്ക് മുണ്ടക്കയത്തെ വീട്ടിലെത്തി നഷ്ടമായ പണത്തിന്റെ മൂല്യമുള്ള ടിക്കറ്റുകള്‍ സമ്മാനിച്ചു സന്തോഷ് പണ്ഡിറ്റ്.
കഴിഞ്ഞ ദിവസമാണ് ലോട്ടറി വിൽക്കുന്നതിനിടെ മോഷ്ടാവ് 2000 രൂപയുടെ കടലാസ് നോട്ട് ദേവയാനിയമ്മയ്ക്ക് നല്‍കി ലോട്ടറി തട്ടിയെടുത്തത്. മുണ്ടക്കയം വണ്ടന്‍പതാല്‍ മൂന്ന് സെന്റ് കോളനിയിലെ ദേവയാനിയമ്മയുടെ വീട്ടിലെത്തിയ സന്തോഷ് പണ്ഡിറ്റ് നഷ്ടമായ പണത്തിന്റെ മൂല്യമുള്ള ലോട്ടറി ടിക്കറ്റുകള്‍ ദേവയാനിയമ്മയ്ക്ക് സമ്മാനിച്ചു.
സന്തോഷ് പണ്ഡിറ്റ് എത്തിയ വിവരം അറിഞ്ഞു തന്നെ കാണാന്‍ എത്തിയവരോട് ടിക്കറ്റ് എടുത്ത് ദേവയാനിയമ്മയെ സഹായിക്കണമെന്ന് അദ്ദേഹം തന്നെ പറഞ്ഞതോടെ നിരവധി പേര്‍ ടിക്കറ്റ് എടുത്തതോടെ ദേവയാനിയമ്മയ്ക്കും സന്തോഷം അതിരില്ലാത്തതായിരുന്നു. ശനിയാഴ്ച്ച നറുക്കെടുക്കുന്ന നൂറ് ലോട്ടറി ടിക്കറ്റുകളാണ് അദേഹം നല്‍കിയത്. പൊതുപ്രവര്‍ത്തകരായ രാജി ചന്ദ്രന്‍ കുളങ്ങര, അഞ്ജലി ജയപാല്‍ തുടങ്ങിവര്‍ സന്തോഷിനോപ്പം ഉണ്ടായിരുന്നു.
കോഴിക്കോട് പുതിയ സിനിമയുടെ ഷൂട്ടിങ് നിര്‍ത്തിവച്ചാണ് ദേവയാനിയമ്മയെ കാണാന്‍ എത്തിയത്. സമാന രീതിയിൽ തട്ടിപ്പ് നടത്തിയ സംഭവത്തിൽ കോട്ടയം കങ്ങഴ സ്വദേശിയായ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.