കോട്ടയം: കരിയില കത്തിച്ചാൽ ചാരമായി മണ്ണിലടിയും. പക്ഷെ കത്തിക്കാതെ ചെറുതായി അരിഞ്ഞുകൂട്ടിയാൽ കഥ മാറും. ആ കഥ പറയുകയാണ് മഹാത്മാ ഗാന്ധി സർവകലാശാലയിലെ ഹരിത പ്രോട്ടോക്കോൾ പദ്ധതി-നിർമലം എം.ജി.യു. ഷ്രെഡിംഗ് മെഷിനീൽ അരിഞ്ഞെടുത്ത കരിയിലകൾ കംപോസ്റ്റിനൊപ്പം ചേർത്ത് പച്ചക്കറികളും മറ്റും വളർത്താൻ ഉപയോഗിക്കാം. ജലാംശം നിലനിൽക്കുകയും ഭാവിയിൽ കംപോസ്റ്റായി മാറുകയും ചെയ്യുന്നതുകൊണ്ടുതന്നെ അരിഞ്ഞ കരിയിലയുണ്ടെങ്കിൽ മണ്ണ് ഒഴിവാക്കിയും കൃഷി നടത്താനാകുമെന്ന് നിർമലം എം.ജി.യു പ്രവർത്തകർ പറയുന്നു.

 

ഇങ്ങനെ ഷ്രെഡ് ചെയ്ത കരിയിലെ ഉൾപ്പെടെ കാമ്പസിലെ മാലിന്യ സംസ്‌കരണ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ വിവിധ ഉത്പന്നങ്ങളാണ് അഷ്ടദളത്തിൽ പച്ചപ്പരീക്ഷണങ്ങൾ എന്ന പേരിൽ  നടക്കുന്ന രണ്ടു ദിവസത്തെ ഗ്രീൻ ലാബ് ഉത്പന്ന പ്രദർശന വിൽപ്പന മേളയിൽ ശ്രദ്ധ നേടുന്നത്. വൈസ് ചാൻസലർ പ്രഫ.സാബു തോമസ് പ്രദർശനം ഉദ്ഘാടനം ചെയ്തു. കമ്പോസ്റ്റ്, ചകിരിച്ചോർ, ചാണകപ്പൊടി, കടലപ്പിണ്ണാക്ക്, വേപ്പിൻ പിണ്ണാക്ക്, ചാരം, എല്ലുപൊടി തുടങ്ങിയവ ഉൾപ്പെട്ട മിശ്രിതം കംപ്ലീറ്റ് പ്ലാൻറ് ഫുഡ് എന്ന പേരിലാണ് ഇവിടെ വിതരണത്തിന് എത്തിച്ചിരിക്കുന്നത്. ചകിരിച്ചോർ കംപോസ്റ്റിനൊപ്പം കംപ്ലീറ്റ് പ്ലാന്റ് ഫുഡും ചേർന്ന കോകോപീറ്റ് കംപോസ്റ്റാണ് മറ്റൊരിനം. സർവകലാശാലയിലെ എയ്റോബിക് കംപോസ്റ്റ് യൂണിറ്റുകളിൽനിന്നുള്ള കംപോസ്റ്റ് നിറച്ച പ്ലാൻറ് നൗ പോട്ടുകൾ, പോട്ടിംഗ് മിക്സ്ചർ, പച്ചക്കറി തൈകൾ, വിത്തുകൾ, പോട്ട് സ്റ്റാൻറുകൾ, തുടങ്ങിയവയും വിൽപ്പനയ്ക്കുണ്ട്.

 

 നിർമലം എം.ജി.യു കാമ്പയിനിൻറെ ഭാഗമായുള്ള ആർട്ട് കപ്പുകൾ, പ്ലാൻറ് ബോട്ടിലുകൾ, തുണി ബാഗുകൾ തുടങ്ങിയവയും ഇവിടെനിന്ന് സ്വന്തമാക്കാം. നിലവിൽ സർവകലാശാലയ്ക്കുള്ളിൽ മാത്രമാണ് ഈ ഉത്പന്നങ്ങൾ വിൽക്കുന്നത്. ആദ്യം ദിനം തന്നെ ഇവ വാങ്ങാൻ നിരവധി ജീവനക്കാർ എത്തി. സർവകലാശാലയിലെ സ്‌കൂൾ ഓഫ് ബയോ സയൻസിലെ വിദ്യാർഥികളുടെ സഹരണത്തോടെയാണ് ഉത്പന്നങ്ങൾ തയ്യാറാക്കിയതെന്ന് എസ്റ്റേറ്റ് ഓഫീസർ കെ.എൻ. സജീവ് പറഞ്ഞു. അമലഗിരി ബി.കെ. കോളജിലെ നാഷണൽ സർവീസ് സ്‌കീം വോളണ്ടിയർമാരും പ്രദർശനത്തിൽ സഹകരിക്കുന്നുണ്ട്. പ്രദർശനം ഇന്നലെ സമാപിച്ചു. 

സംസ്ഥാന സർക്കാരിൻറെ ഹരിതകേരളം മിഷന്റെ മാതൃക പിന്തുടർന്ന് സർവകലാശാലയിൽ തുടക്കം കുറിച്ച നിർമലം എംജിയു പദ്ധതി ഇപ്പോൾ മാലിന്യ സംസ്‌കരണത്തിൽ വേറിട്ട മാതൃകയാണ്. പദ്ധതിയുടെ ഭാഗമായി നാല് കംപോസ്റ്റ് യൂണിറ്റുകൾ  കാമ്പസിലുണ്ട്. ഭക്ഷണാവിശിഷ്ടങ്ങൾ ഏറെക്കുറെ പൂർണ്ണമായും മൂല്യ വർധിത ഉത്പന്നങ്ങളാക്കി മാറ്റാൻ കഴിയുന്നു എന്നത് പദ്ധതിയുടെ പ്രത്യേകതയാണ്.