ചൂട് കൂടുന്നു, വെന്തുരുകി കോട്ടയം! സംസ്ഥാനത്ത് കോട്ടയം ഉൾപ്പടെ 6 ജില്ലകളിൽ സൂര്യാഘാത മുന്നറിയിപ്പ്.


കോട്ടയം: ദിനംപ്രതി ചൂട് കൂടി വരുന്ന സാഹചര്യത്തിൽ വെയിലിൽ വെന്തുരുകുകയാണ് കോട്ടയം. സംസ്ഥാനത്തെ താപസൂചിക സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് സൂര്യാഘാത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് കോട്ടയം ഉൾപ്പടെ 6 ജില്ലകളിൽ ആണ് സൂര്യാഘാത മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കണ്ണൂർ, കോഴിക്കോട്, കോട്ടയം, എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് സൂര്യാഘാത മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

 

 കോട്ടയം ജില്ലയിൽ ചൂട് അപകടകരമാം വിധം ഉയരുകയാണ്. അന്തരീക്ഷ ഊഷ്മാവിനോടൊപ്പം അന്തരീക്ഷത്തിലെ ഈർപ്പവും (ആർദ്രത-Humidity) സംയുക്തമായി ഉണ്ടാക്കുന്ന ചൂടിനെ സൂചിപ്പിക്കുന്ന ഒരു അളവാണ് താപ സൂചിക  (Heat Index). അനുഭവഭേദ്യമാകുന്ന ചൂടിനെ   (feels like temperature) സൂചിപ്പിക്കാൻ പല വികസിത രാഷ്ട്രങ്ങളും താപസൂചിക ഉപയോഗിച്ച് വരുന്നു. ഒരു തീരദേശ സംസ്ഥാനമായ കേരളത്തിൻറെ അന്തരീക്ഷ ആർദ്രത പൊതുവെ കൂടുതലായിരിക്കും. ദിനാന്തരീക്ഷ താപനില കൂടി ഉയരുമ്പോൾ ചൂട് മൂലമുള്ള അസ്വസ്ഥതകളും വർദ്ധിക്കുന്നു. താപനില ഉയരുന്നത് സൂര്യാഘാതം, സൂര്യാതപം, നിർജ്ജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കാൻ സാധ്യതയുണ്ട്. 

പകൽ 11 മുതൽ 3 മണി വരെയുള്ള സമയത്ത് നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കുക. പകൽ പുറത്തേക്കിറങ്ങാൻ പറ്റാത്ത അവസ്ഥയാണ് ഇപ്പോൾ. വേനൽ മഴയിലെ ലഭ്യത കുറവാണ് ചൂട് കൂടാൻ കാരണമെന്നാണ് കാലാവസ്ഥാ നിരീക്ഷ കേന്ദ്രം പറയുന്നത്. ഇനിയും വേനൽ മഴ ലഭിച്ചില്ലെങ്കിൽ ചൂട് കൂടാനും കടുത്ത വരൾച്ച ഉണ്ടാകാനുമുള്ള സാധ്യത തള്ളിക്കളയാനാകില്ല. ജനുവരി പകുതിയോടെ തന്നെ ജില്ലയിലെ ജലാശയങ്ങൾ വരൾച്ചയുടെ പിടിയിലായിരുന്നു. 

ചൂട് കനത്ത സാഹചര്യത്തില്‍ ഇതുമൂലം ഉണ്ടാകാവുന്ന വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.