ബ്രഹ്മപുരം തീപിടിത്തം: അഗ്നിരക്ഷാ സേനയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ പ്രവർത്തനത്തിൽ വിശ്രമമില്ലാതെ കോട്ടയം സിവിൽ ഡിഫൻസ് സേനയും.


കൊച്ചി: അഗ്നിരക്ഷാ സേനയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ പ്രവർത്തനമാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പുക അണയ്‌‌ക്കുന്നതിന് രാപ്പകലില്ലാതെ ഇപ്പോൾ നടക്കുന്നത്. പുകയില നിന്നും അസ്വസ്ഥതകളിൽ നിന്നും പുറത്തു കടന്നു ജീവവായു കാത്തിരിക്കുന്ന ജനത്തിനായി വിശ്രമമില്ലാതെ പോരാടുകയാണ് കോട്ടയം സിവിൽ ഡിഫൻസ് സേനയും.

 

 സിവിൽ ഡിഫൻസ് കോട്ടയം ഡിവിഷണൽ വാർഡൻ സ്മികേഷ് ഓലിക്കന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് വ്യാഴാഴ്ച ബ്രഹ്മപുരത്ത് അഗ്നിരക്ഷാ സേനയ്‌ക്കൊപ്പം പ്രവർത്തിച്ചത്. കോട്ടയം, ചങ്ങനാശ്ശേരി,കടുത്തുരുത്തി സ്റ്റേഷനുകളിൽ നിന്നുള്ള സിവിൽ ഡിഫൻസ് അംഗങ്ങളാണ് ബ്രഹ്മപുരത്ത് അഗ്നിരക്ഷാ സേനയ്‌ക്കൊപ്പം പ്രവർത്തിച്ചത്. 110 ഏക്കറിൽ 70 ഏക്കറിലെ മാലിന്യങ്ങൾക്കാണ് തീ പിടിച്ചത്. നിലവിൽ 5,6 സെക്ടറുകളിലെ തീയും പുകയും നിയന്ത്രണ വിധേയമായെങ്കിലും സെക്ടർ 7 ൽ ഇപ്പോഴും തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഗ്യാസ് മാസ്ക് ധരിച്ചാണ് സേനാംഗങ്ങൾ തീയും പുകയും അണയ്ക്കാൻ പരിശ്രമിച്ചു കൊണ്ടിരിക്കുന്നത്. തീയുടെ ചൂടും വെയിലിന്റെ ചൂടുമുൾപ്പടെ വെന്തുരുകുന്ന പ്രതികൂല കാലാവസ്ഥയിലും അഗ്നിരക്ഷാ സേനയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ പ്രവർത്തനത്തിൽ വിശ്രമമില്ലാതെ പോരാടുകയാണ് കോട്ടയം സിവിൽ ഡിഫൻസ് സേനയും. 24 മണിക്കൂറും വിവിധ ഷിഫ്റ്റുകളായാണ് തീ അണയ്ക്കാൻ തീവ്ര ശ്രമം നടത്തിക്കൊണ്ടിരിക്കുന്നത്. മാലിന്യങ്ങളിൽ നിന്ന്‌ ഉയരുന്ന പുക വകവയ്‌‌ക്കാതെ എല്ലാവരും ഒന്നിച്ചു പോരാടുകയാണ്‌ ബ്രഹ്‌മപുരത്ത്‌. 200 ലധികം അഗ്നിരക്ഷാ സേന അംഗങ്ങളാണ് തീ വയ്ക്കാനായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. രാവിലെ ഏഴു മുതൽ വൈകിട്ട്‌ ഏഴ്‌ വരെയും വൈകിട്ട്‌ ഏഴ്‌ മുതൽ രാവിലെ ആറു വരെയുമാണ്‌ ഷിഫ്‌‌റ്റുകൾ. പ്ലാസ്‌റ്റിക് മാലിന്യങ്ങൾ പുകയുന്നതാണ് പ്രതിസന്ധി സൃഷ്‌‌ടിക്കുന്നത്. പുകയണയ്‌‌ക്കാൻ പ്ലാസ്‌‌റ്റിക് കൂമ്പാരത്തിലേക്ക് ഒരു മിനിറ്റിൽ 40,000 ലിറ്റർ വെള്ളമാണ് അടിച്ചു കൊണ്ടിരിക്കുന്നത്. പ്ലാസ്‌‌റ്റിക് മാലിന്യത്തിൽ എസ്‌‌കവേറ്റർ ഉപയോഗിച്ച്  നാല് അടി താഴ്‌ച്ചയിൽ കുഴിയെടുത്ത് അതിലേക്ക് വെള്ളം പമ്പ് ചെയ്‌താണ് പുക പൂർണ്ണമായും അണയ്‌‌ക്കുന്നത്. വെള്ളം ചെല്ലാത്തതിനാൽ താഴെയുള്ള മാലിന്യത്തിലെ തീ അണയാതെ നിൽക്കും. കാറ്റുവരുമ്പോൾ ആളിപ്പടരും. മാസ്‌‌‌ക് ഉണ്ടെങ്കിലും പുകയ്‌‌ക്കിടയിൽ തുടർച്ചയായി ജോലിചെയ്യുന്നതിന്റെ ബുദ്ധിമുട്ടുകൾ പലർക്കുമുണ്ട്. ഒരു ദിവസത്തിൽ കൂടുതൽ ആർക്കും ഈ അഗ്നി കൂമ്പാരത്തിനു നടുവിൽ നിൽക്കാനാകില്ല. രാത്രി 26 എസ്കവേറ്ററുകളും 8 ജെസിബികളുമാണ്  മാലിന്യം കുഴിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. തുടർച്ചയായി വെള്ളം പമ്പു ചെയ്യുന്നുണ്ട്. അഗ്നി രക്ഷാസേനയുടെ 200 പേരും അമ്പതോളം സിവിൽ ഡിഫൻസ് വൊളന്റിയർമാരും 35 കോർപ്പറേഷൻ ജീവനക്കാരും  പുകയണയ്ക്കൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. നേവിയുടെ 19 ജീവനക്കാരും ആരോഗ്യ വകുപ്പിൽ നിന്ന് 6 പേരും പോലീസും സേവന രംഗത്തുണ്ട്. മൂന്ന് ആംബുലൻസകളും ക്യാമ്പ് ചെയ്യുന്നു. 23 ഫയർ ടെൻഡറുകളും പ്രവർത്തിക്കുന്നു. ചില സ്ഥലങ്ങളിൽ പ്ലാസ്റ്റിക്കിന് ഒപ്പം ഖരമാലിന്യങ്ങളും മറ്റ് മാലിന്യങ്ങളും അടങ്ങിയിരിക്കുന്നത് പുക അണയ്ക്കുന്നതിന് തടസമാകുന്നുണ്ട്. വളരെ അപകടകരമായ രീതിയിൽ ഏറെ ശ്രമകരമായ  പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് റീജിയണൽ ഫയർ ഓഫിസർ സുജിത് കുമാർ പറഞ്ഞു. ഇനി ചതുപ്പായ പ്രദേശങ്ങളിലെ പുകയാണ് അണയ്ക്കാനുള്ളത്.