എൽ ഡി എഫ് അംഗങ്ങൾ വിട്ടുനിന്നു, എരുമേലി ഗ്രാമപഞ്ചായത്ത് ഭരണ സമിതിക്കെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി.


എരുമേലി: എരുമേലി ഗ്രാമപഞ്ചായത്ത് ഭരണ സമിതിക്കെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. ഇന്ന് രാവിലെ 11 മണിക്കാണ് അവിശ്വാസപ്രമേയം ചർച്ചക്ക് എടുത്തത്.

 

 അവിശ്വാസപ്രമേയ ചർച്ചയിൽ നിന്നും എൽ ഡി എഫ് അംഗങ്ങൾ വിട്ടുനിന്നതോടെ എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം എതിരില്ലാതെ പാസായി. 23 അംഗങ്ങളുള്ള ഗ്രാമപഞ്ചായത്തിൽ 11 അംഗങ്ങൾ വീതമാണ് ഇരുപക്ഷത്തും ഉള്ളത്. ഒരാൾ സ്വതന്ത്രനായി വിജയിച്ചയാളാണ്. യു.ഡി.എഫിലെ പതിനൊന്നു പേരും സ്വതന്ത്ര അംഗത്തിന്റെയും പിന്തുണയും കൂടി 12 പേരാണ് അവിശ്വാസ പ്രമേയത്തിൽ അനുകൂലിച്ച് ഒപ്പ് വെച്ചത്. 

ഉച്ചക്ക് ശേഷം വൈസ് പ്രസിഡന്റ് എതിരെയുള്ള അവിശ്വാസപ്രമേയം നടക്കും. എൽ ഡി എഫ് അംഗങ്ങൾ വിട്ടുനിൽക്കുമെന്നാണ് വിവരം. ഇതോടെ എരുമേലി ഗ്രാമപഞ്ചായത്തിന്റെ ഭരണം എൽ ഡി എഫിൽ നിന്നും യു ഡി എഫ് തിരിച്ചുപിടിക്കും.