സംസ്ഥാന പ്ലാൻ പദ്ധതികൾക്കായി കോട്ടയം ജില്ലയിൽ ഇതുവരെ വിവിധ വകുപ്പുകൾ ചെലവിട്ടത് 247.63 കോടി രൂപ.


കോട്ടയം: സംസ്ഥാന പ്ലാൻ പദ്ധതികൾക്കായി ജില്ലയിൽ ഇതുവരെ വിവിധ വകുപ്പുകൾ ചെലവിട്ടത് 247.63 കോടി രൂപയെന്നു ജില്ലാ വികസന സമിതിയോഗത്തിൽ അവതരിപ്പിച്ച റിപ്പോർട്ട്. 100 ശതമാനം കേന്ദ്രസർക്കാർ പിന്തുണയുള്ള പദ്ധതികളിൽ 3.29 കോടി രൂപയും മറ്റു കേന്ദ്രസർക്കാർ പദ്ധതികളിൽ 220.20 കോടി രൂപയും ചെലവഴിച്ചെന്നു ജില്ലാ കളക്ടർ  ഡോ. പി.കെ. ജയശ്രീയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ വികസന സമിതി യോഗം വ്യക്തമാക്കി. 

മൊത്തം 471.13 കോടി രൂപയാണു ചെലവഴിച്ചത്. അനുവദിച്ച തുകയിൽ 12 ഓഫീസുകൾ 100 ശതമാനം ചെലവഴിച്ചിട്ടുണ്ട്. കോട്ടയം ഡിസ്ട്രിക് മിഷൻ കോഡിനേറ്റർ, ജില്ലാ പോലീസ് മേധാവി, പി.ഡബ്ല്യൂ.ഡി. ബിൽഡിങ്‌സ് ആൻഡ് ലോക്കൽ വർക്ക്‌സ് എക്‌സിക്യൂട്ടീവ് എൻജീനിയർ, മേജർ ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ, മൈനർ ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ , വാട്ടർ അതോറിട്ടി പി.എച്ച്. ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ കോട്ടയം, വാട്ടർഅതോറിട്ടി പ്രോജക്ട് ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ കോട്ടയം, പി.ഡബ്ല്യൂ.ഡി. റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് എക്‌സിക്യൂട്ടീവ് എൻജിനീയർ കോട്ടയം, ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് പ്രോജക്ട്ഓഫീസ് കോട്ടയം, വാട്ടർ അതോറിട്ടി എക്‌സിക്യൂട്ടീവ് എൻജിനീയർ കടുത്തുരുത്തി, എം.വി.ഐ.പി. എക്‌സിക്യൂട്ടീവ് എൻജിനീയർ കോട്ടയം, എക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിറ്റിക്‌സ് ഡെപ്യൂട്ടി ഡയറക്ടർ കോട്ടയം എന്നീ ഓഫീസുകളാണ് 100 ശതമാനം അനുവദിച്ച തുക ചെലവഴിച്ചത്. 

നടപ്പാതകൾ കൈയേറി കച്ചവടം നടത്തുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നു യോഗത്തിൽ ആവശ്യമുയർന്നു. സേവനം നിർത്തിയ പാസ്‌പോർട്ട് സേവാകേന്ദ്രം കോട്ടയത്തു തന്നെ നിലനിർത്താൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, അഡ്വ. സെബാസ്റ്റിയൻ കുളത്തുങ്കൽ എം.എൽ.എ, തോമസ് ചാഴികാടൻ എം.പിയുടെ പ്രതിനിധി അഡ്വ. സിബി വെട്ടൂർ, ജോസ് കെ.മാണി എം.പിയുടെ പ്രതിനിധി ജയ്‌സൺ മാന്തോട്ടം, ജില്ലാ പ്ലാനിങ് ഓഫീസർ ലിറ്റി മാത്യൂ, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.