കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയിൽ ഇന്ന് വൈകിട്ട് ഏഴിന് അനശ്വര തീയറ്ററിൽ അമേരിക്കൻ ചലച്ചിത്രം 'ദ വെയ്ൽ' പ്രദർശിപ്പിക്കും.


കോട്ടയം: കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയിൽ ഇന്ന് വൈകിട്ട് ഏഴിന് അനശ്വര തീയറ്ററിൽ അമേരിക്കൻ ചലച്ചിത്രം 'ദ വെയ്ൽ' പ്രദർശിപ്പിക്കും. പ്രശസ്ത ചലച്ചിത്രകാരൻ ഡാരൻ ആരോനോഫ്‌സ്‌കി സംവിധാനം നിർവഹിച്ച ചിത്രം 79-ാമത് വെനീസ് ചലച്ചിത്ര മേളയിലാണ് ആദ്യമായി പ്രദർശിപ്പിച്ചത്. 

കാമുകനുമായുള്ള ബന്ധം തുടരാനായി ഒൻപതു വർഷം മുമ്പേ ഭാര്യയെയും കുട്ടിയെയും ഉപേക്ഷിച്ചു പോയ സ്വവർഗ്ഗാനുരാഗിയായ ഇംഗ്ലീഷ് അധ്യാപകൻ ചാർളിയുടെ കഥയാണ് ദ വെയ്ൽ. ഇപ്പോൾ 600 പൗണ്ട് ഭാരം കൊണ്ട്ബുദ്ധിമുട്ടുന്ന ചാർളി തന്റെ കുടുംബത്തിന്റെ നഷ്ടത്തിലും പങ്കാളിയുടെ മരണത്തിലും ദുഃഖിതനായി കഴിയുന്നു. വേർപിരിഞ്ഞതിനു ശേഷം താൻ കണ്ടിട്ടില്ലാത്ത 17 വയസുള്ള മകൾ എല്ലിയുമായി വീണ്ടും ഒന്നിക്കാനുളള ചാർളിയുടെ ശ്രമങ്ങളാണ് കഥാതന്തു. 

ചാർളിയായി ബ്രണ്ടൻ ഫ്രേസറും മകളായി സാഡി സിങ്കും അഭിനയിക്കുന്നു. ഓസ്‌കർ പുരസ്‌കാരത്തിനും ബാഫ്റ്റ പുരസ്‌കാരത്തിനുമുള്ള നാമനിർദേശ പട്ടികയിൽ ബ്രണ്ടൻ ഫ്രേസറുടെ പ്രകടനം ഇടം പിടിച്ചിരുന്നു. മറ്റു കഥാപാത്രങ്ങളായി ഹോങ് ചൗവും ടൈ സിംപ്കിൻസും സാമന്ത മോർട്ടണും വേഷമിടുന്നു.