ഹൈജീന്‍ കിറ്റുകളുടെ വിതരണവും ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചു.


കോട്ടയം: ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹൈജീന്‍ കിറ്റുകളുടെ വിതരണവും ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചു. 

തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ആരോഗ്യ അവബോധ ബോധവല്‍ക്കരണ പരിപാടിയുടെ ഉദ്ഘാടനം അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍ നിര്‍വ്വഹിച്ചു. കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഫാ. ജേക്കബ് മാവുങ്കല്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് കുര്യന്‍ ഹൈജീന്‍ കിറ്റുകളുടെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, പ്രോഗ്രാം ഓഫീസര്‍ ബബിത റ്റി. ജെസ്സില്‍ എന്നിവര്‍ പ്രസംഗിച്ചു. 

ഭിന്നശേഷിയുള്ള കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കുമായി സംഘടിപ്പിച്ച ആരോഗ്യ സുരക്ഷാ ബോധവല്‍ക്കരണ പരിപാടിയ്ക്ക് അതിരമ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍പെക്ടര്‍ പ്രദീപ് കുമാര്‍ നേതൃത്വം നല്‍കി. സോപ്പുകള്‍, ടര്‍ക്കികള്‍, ഡിറ്റര്‍ജന്റ്, മാസ്‌ക്കുകള്‍ എന്നിവ അടങ്ങുന്ന ഹൈജീന്‍ കിറ്റുകളാണ് ലഭ്യമാക്കിയത്.