കോട്ടയം രാജ്യാന്തര ചലച്ചിത്രമേള: ഡെലിഗേറ്റ് പാസ്, കിറ്റ് വിതരണം ആരംഭിച്ചു.


കോട്ടയം: കോട്ടയം രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസ്, കിറ്റ് വിതരണം ആരംഭിച്ചു. സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ.ടി. തോമസിന് ഡെലിഗേറ്റ് കിറ്റ് കൈമാറി സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം നിർവഹിച്ചു. 

ഫെസ്റ്റിവൽ ബുക്ക്, സ്‌ക്രീനിംഗ് ഷെഡ്യൂൾ, ഡെലിഗേറ്റ് പാസ് എന്നിവയടങ്ങുന്നതാണ് ഡെലിഗേറ്റ് ഫെസ്റ്റിവൽ ബാഗ്. ഫെസ്റ്റിവൽ ചെയർമാനായ സംവിധായകൻ ജയരാജ്, കൺവീനറായ സംവിധായകൻ പ്രദീപ് നായർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, ചലച്ചിത്ര അക്കാദമി ഡെപ്യൂട്ടി ഡയറക്ടർ എച്ച്. ഷാജി, ഫെസ്റ്റിവൽ കോ-ഓർഡിനേറ്ററായ നഗരസഭാംഗം സജി കോട്ടയം, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ ഇ.വി. ഷിബു എന്നിവർ സന്നിഹിതരായിരുന്നു. 

കോട്ടയം അനശ്വര തിയേറ്ററിലെ കൗണ്ടറിലൂടെ ഇന്നലെ രാവിലെ 11 മുതൽ ഡെലിഗേറ്റ് കിറ്റ് വിതരണം ആരംഭിച്ചു. ഓൺലൈനായി രജിസ്റ്റർ ചെയ്തവർക്ക് രജിസ്‌ട്രേഷൻ രേഖയും ഓഫ്‌ലൈനായി രജിസ്റ്റർ ചെയ്തവർക്ക് പണമടച്ച രസീതും നൽകി ഡെലിഗേറ്റ് കിറ്റ് കൈപ്പറ്റാം.