മിഠായിക്ക് 'നൊസ്റ്റു' മധുരം! കുടുംബശ്രീ ദേശീയ സരസ് മേളയിൽ പഴമയുടെ മധുരങ്ങൾക്ക് പ്രിയമേറുന്നു.


കോട്ടയം: തേൻ മിഠായി, ജീരകമിഠായി, ഇഞ്ചി മിഠായി, പൊരിയുണ്ട, ഹലുവ മിഠായി, തേങ്ങ മിഠായി, പൈസ മിഠായി, കടല മിഠായി, ചൗ മിഠായി, പാൽപ്പേട, കട്ടി മിഠായി, പപ്പട മിഠായി.. കേൾക്കുമ്പോൾ തന്നെ ഉള്ളിൽ 'നൊസ്റ്റാൾജിയ'യുടെ ഉമിനീര് പതഞ്ഞുവെങ്കിൽ സരസിലേക്ക് പോരു. 

പാക്കറ്റ് മിഠായികൾക്കു മുമ്പേ ചില്ലുഭരണികളെ ഭരിച്ചിരുന്ന പഴമയുടെ മധുരങ്ങൾ ഒരുമിച്ച് കാണാൻ സരസിലെ കൊല്ലം ജില്ലയിലെ കുടുംബശ്രീ സ്റ്റാൾ വഴിയൊരുക്കും. വയലറ്റ് നിറത്തിലുള്ള പായ്ക്കറ്റിൽ ശർക്കര ചേർത്തുണ്ടാക്കുന്ന ജോക്കർ മിഠായിയും നാവിൽ കപ്പലോടിക്കുന്ന പുളി മിഠായിയും, കറക്ക് മിഠായിയും വാങ്ങാനുളഅള തിരക്കിലാണു മേളയിലെത്തുന്നവർ. പായ്ക്കറ്റിന് 20 രൂപയാണ് മിക്ക മിഠായികളുടെ വില. 

കൊല്ലം മയ്യനാടുള്ള സൂര്യകാന്തി കുടുംബശ്രീ അംഗമായ സീനത്ത് നിയാസാണ് പഴയമയുടെ മിഠായി മധുരവുമായി കോട്ടയത്തെത്തിയത്. എട്ട് വർഷം മുൻപാണ് ഈ യൂണിറ്റ് ആരംഭിച്ചത്. പിതാവിനും നേരത്തെ മിഠായി നിർമ്മാണമായിരുന്നു. 

കേരളത്തിലെ വിവിധ ജില്ലകൾക്ക് പുറമെ ഗൾഫ് നാടുകളിലേക്കും മിഠായികൾ ഇവർ കയറ്റി അയയ്ക്കുന്നുണ്ട്.