കോട്ടയം: അയർലണ്ടിൽ ലോകത്തെ അതിബുദ്ധിമാന്മാരുടെ സംഘടനയായ മെന്‍സ ഇന്റര്‍നാഷനലില്‍ അംഗമായി കോട്ടയം സ്വദേശിയായ വിദ്യാർത്ഥി. ഡബ്ലിന്‍ റാത്ത്കൂള്‍ ഹോളിഫാമിലി കമ്മ്യൂണിറ്റി സ്കൂളിലെ ഒന്നാം വർഷ വിദ്യാർത്ഥിയും കോട്ടയം മുട്ടുചിറ സ്വദേശികളായ പ്രശാന്ത്-പൂജ ദമ്പതികളുടെ മകനുമായ അഖിൽ പ്രശാന്ത്(13)ആണ് ഈ നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്.
Cattell III B scale ടെസ്റ്റില്‍ പരമാവധി സ്കോറായ 162 ല്‍ 161 സ്കോറും നേടിയാണ് അഖിൽ റെക്കോർഡ് നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്. ലോകത്ത് 90 രാജ്യങ്ങളിലായി വിവിധ പ്രായത്തിലുള്ള 1.45 ലക്ഷം അംഗങ്ങളാണ് മെന്‍സയില്‍ ഉള്ളത്. രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ബുദ്ധിശക്തി പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടുന്ന 2 ശതമാനം ആളുകള്‍ക്കാണ് മെന്‍സയില്‍ അംഗമാകാന്‍ അവസരം ലഭിക്കുന്നത്.
ഈ റെക്കോർഡ് നേട്ടത്തിലൂടെ ലോകത്തെ ഏറ്റവും ഉയര്‍ന്ന ബുദ്ധിശക്തിയുള്ള 1 ശതമാനം പേരില്‍ ഒരാള്‍ ആയി മാറിയിരിക്കുകയാണ് ഈ പതിമൂന്ന് വയസ്സ്കാരന്‍. അനഘ, നിഖില്‍ എന്നിവരാണ് അഖിലിന്റെ സഹോദരങ്ങൾ.