കോട്ടയം: സരസ് മേളയുടെ മികച്ച കവറേജിന് അച്ചടി മാധ്യമ പുരസ്‌കാരം ദേശാഭിമാനിക്കും ദൃശ്യമാധ്യമ പുരസ്‌കാരം 24 ന്യൂസിനും ലഭിച്ചു. മികച്ച കവറേജിനുള്ള പ്രത്യേക പരാമർശത്തിന് ദൃശ്യ ന്യൂസ് അർഹമായി. അച്ചടി മാധ്യമരംഗത്തെ മികച്ച റിപ്പോർട്ടിംഗിനുള്ള പുരസ്‌കാരങ്ങളിൽ ഷെറിൻ യോഹന്നാൻ (കേരള കൗമുദി) ഒന്നാംസ്ഥാനവും രശ്മി രഘുനാഥ് (മാതൃഭൂമി) രണ്ടാം സ്ഥാനവും സരിത കൃഷ്ണൻ (ജനയുഗം) മൂന്നാംസ്ഥാനവും നേടി.
മികച്ച ദൃശ്യ മാധ്യമ റിപ്പോർട്ടിംഗിനുള്ള പുരസ്‌കാരങ്ങളിൽ സനോജ് സുരേന്ദ്രൻ (കൈരളി) ഒന്നാം സ്ഥാനവും മനീഷ് മഹിപാൽ ( 24 ന്യൂസ്) രണ്ടാംസ്ഥാനവും സുമി സുലൈമാൻ (എ.സി.വി) മൂന്നാംസ്ഥാനവും നേടി. മികച്ച വാർത്ത ചിത്രത്തിനുള്ള പുരസ്‌കാരങ്ങളിൽ വി.ജി ശ്രീലക്ഷ്മി (മലയാള മനോരമ) ഒന്നാംസ്ഥാനവും ശ്രീകുമാർ ആലപ്ര (കേരള കൗമുദി) രണ്ടാംസ്ഥാനവും ജി. വിപിൻ കുമാർ (മംഗളം) മൂന്നാംസ്ഥാനവും നേടി. വ്യക്തിഗത പുരസ്‌കാരജേതാക്കൾക്ക് യഥാക്രമം 10000, 7000, 5000 രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. പുരസ്‌ക്കാരങ്ങൾ സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ വിതരണം ചെയ്തു.
കേരള മീഡിയ അക്കാദമി മുൻ ചെയർമാനും മുതിർന്ന മാധ്യമപ്രവർത്തകനുമായ സെർജി ആന്റണി, മുതിർന്ന ദൃശ്യമാധ്യമ പ്രവർത്തകൻ ജോർജ് പുളിക്കൻ, മുതിർന്ന പത്രഫോട്ടോഗ്രാഫർ റസാഖ് താഴത്തങ്ങാടി, ഐ.-പി.ആർ.ഡി. മേഖല ഡെപ്യൂട്ടി ഡയറക്ടർ കെ.ആർ. പ്രമോദ് കുമാർ എന്നിവരടങ്ങിയ വിധിനിർണയ സമിതിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്.
ജില്ലാപഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി ചടങ്ങിൽ അധ്യക്ഷയായിരുന്നു. കോട്ടയം നഗരസഭാധ്യക്ഷ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക്ക്, ജില്ലാ പഞ്ചായത്തംഗം കെ.വി ബിന്ദു, ജില്ലാ മിഷൻ കോർഡിനേറ്റർ അഭിലാഷ് ദിവാകർ, നഗരസഭാംഗം ശ്രീജ അനിൽ, സി.ഡി.എസ്. കോട്ടയം നോർത്ത് ചെയർപേഴ്‌സൺ അജിത ഗോപകുമാർ, സൗത്ത് ചെയർപേഴ്‌സൺ പി.ജി. ജ്യോതിമോൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.