സരസ് മേളയ്ക്ക് സമാപനം: സരസ് മേള സ്ത്രീ ശക്തിയുടെ വിജയം; മന്ത്രി വി.എൻ. വാസവൻ.


കോട്ടയം: സ്ത്രീകളുടെ നിശ്ചയദാർഢ്യത്തിന്റെയും സംഘാടകമികവിന്റെയും വിജയമായ കുടുംബശ്രീ ദേശീയ സരസ് മേളയ്ക്ക് ചരിത്രം സൃഷ്ടിക്കാൻ സാധിച്ചെന്ന് സഹകരണ-സാംസ്‌കാരിക  വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. നാഗമ്പടത്ത് 10 ദിവസങ്ങളായി നടന്ന കുടുംബശ്രീ ദേശീയ സരസ് മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

ഏഴുകോടി രൂപയ്ക്കു മുകളിൽ വിറ്റുവരവുനേടാൻ മേളയ്ക്കായത് കൂട്ടായ്മയുടെ ഫലമായാണ്. ജനപങ്കാളിത്തം കൊണ്ടും വിവിധ ഉത്പ്പന്നങ്ങളുടെ പ്രദർശനം, വിപണനം എന്നിവയിലും വൈവിധ്യമാർന്ന ഭക്ഷണങ്ങൾ ജനങ്ങളിലേക്കെത്തിച്ചും മറ്റേത് സരസ് മേളയോടും കിടപിടിക്കത്തക്കതാവാൻ കഴിഞ്ഞു. ജില്ലയിലെ എല്ലാ വിഭാഗങ്ങളിൽപ്പെുന്ന ജനങ്ങൾക്കും ആസ്വദിക്കാവുന്ന മേളയായി മാറി. ഏറ്റവും കുറഞ്ഞ വിലയ്ക്ക് ഗുണമേന്മയുള്ള ഉത്പ്പന്നങ്ങൾ നൽകാൻ കഴിഞ്ഞതായും മന്ത്രി പറഞ്ഞു. 

മേള വിജയകരമാക്കാൻ പ്രയത്‌നിച്ച കുടുംബശ്രീയെയും മന്ത്രി അഭിനന്ദിച്ചു. മാധ്യമ പുരസ്‌കാരങ്ങൾ, മികച്ച സ്റ്റാളുകൾക്കുള്ള പുരസ്‌കാരങ്ങൾ, അഭിനന്ദനഫലകങ്ങൾ, അഭിനന്ദനപത്രങ്ങൾ എന്നിവ മന്ത്രി ചടങ്ങിൽ വിതരണം ചെയ്തു. ജില്ലാപഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി ചടങ്ങിൽ അധ്യക്ഷയായിരുന്നു. കോട്ടയം നഗരസഭാധ്യക്ഷ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക്ക്, ജില്ലാ പഞ്ചായത്തംഗം കെ.വി ബിന്ദു, ജില്ലാ മിഷൻ കോർഡിനേറ്റർ അഭിലാഷ് ദിവാകർ, നഗരസഭാംഗം ശ്രീജ അനിൽ, സി.ഡി.എസ്. കോട്ടയം നോർത്ത് ചെയർപേഴ്‌സൺ അജിത ഗോപകുമാർ, സൗത്ത് ചെയർപേഴ്‌സൺ പി.ജി. ജ്യോതിമോൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കേരളത്തിൽനിന്നുള്ള മികച്ച ഭക്ഷ്യസ്റ്റാളായി ഇടുക്കി യുനീകും മികച്ച ഇതരസംസ്ഥാന ഭക്ഷ്യ സ്റ്റാളായി സിക്കിമിൽനിന്നുള്ള ഓർക്കിഡും തെരഞ്ഞെടുക്കപ്പെട്ടു. 

ട്രാൻസ്‌ജെൻഡർ സംരംഭകരായ അമൃതയുടെ നേതൃത്വത്തിലുള്ള എറണാകുളത്തെ ലക്ഷ്യ ജ്യൂസ് സ്റ്റാളിന് പ്രത്യേക പരാമർശം ലഭിച്ചു. കേരളത്തിൽനിന്നുള്ള മികച്ച വിപണന സ്റ്റാളായി കൊല്ലം കൃഷ്ണാഞ്ജലി കോക്കനട്ട് ഷെൽ ക്രാഫ്റ്റും ഇതരസംസ്ഥാന മികച്ച വിപണന സ്റ്റാളായി തമിഴ്‌നാട് അന്നപൂരാണി എസ്.എച്ച്.ജി. ജ്യൂട്ട് ബാഗ് സ്റ്റാൾ  തെരഞ്ഞെടുക്കപ്പെട്ടു. സ്റ്റാളുകൾക്കുള്ള പുരസ്‌കാരം മന്ത്രി വി.എൻ. വാസവൻ വിതരണം ചെയ്തു.