കോട്ടയം: ഉത്സവാഘോഷമായി ഇല്ലിക്കൽ-തിരുവാർപ്പ് റോഡിലെ ചേരിക്കൽ പാലവും നവീകരിച്ച റോഡും നാടിന് സമർപ്പിച്ചു. ഇല്ലിക്കൽ പാലത്തിൽനിന്ന് പുതിയതായി നിർമിച്ച പാലം വരെയുള്ള ഘോഷയാത്രയ്ക്കുശേഷം നാടമുറിച്ച് പൊതുമരാമത്ത്-ടൂറിസം വകുപ്പുമന്ത്രി പി.എ. മുഹമ്മദ് റിയാസ് പാലത്തിന്റെയും റോഡിന്റെയും ഉദ്ഘാടനം നിർവഹിച്ചു. കേരളത്തിനാകെ മാതൃകയാക്കാൻ പറ്റിയ തരത്തിലുള്ള യുദ്ധകാലടിസ്ഥാനത്തിലുള്ള നിർമാണമാണ് ചേരിക്കൽ പാലത്തിന്റെ പൂർത്തീകരണത്തിൽ നടന്നതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു.
കേരളത്തിന്റെ കാലാവസ്ഥയ്ക്കും ഭൂപ്രകൃതിക്കും അനുസരിച്ചുള്ള ഡിസൈൻ റോഡുകളിലേക്ക് മാറേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും മന്ത്രി പറഞ്ഞു. ഇല്ലിക്കൽ ജങ്ഷനിൽ നടന്ന ചടങ്ങിൽ സഹകരണ- രജിസ്‌ട്രേഷൻ- സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ അദ്ധ്യക്ഷത വഹിച്ചു. കുമരകം കോണത്താറ്റ് പാലം നിർമാണവും യുദ്ധകാലടിസ്ഥാനത്തിൽ പൂർത്തീകരിക്കുമെന്നു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ. മേനോൻ , ജില്ലാ പഞ്ചായത്തംഗം കെ. വി. ബിന്ദു, തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രശ്മി പ്രസാദ്, വനംവികസനകോർപറേഷൻ ചെയർപേഴ്‌സൺ ലതികാ സുഭാഷ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ. ആർ. അജയ്, സി.ടി. രാജേഷ്, പി.എസ്. ഷീനാമോൾ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജെസി നൈനാൻ, എ.എം. ബിന്നു, പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ കെ. ജോസ് രാജൻ, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ പി. ബി. വിമൽ , രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എ.വി. റസൽ, അഡ്വ. കെ. അനിൽകുമാർ, അഡ്വ. ബിനുബോസ്, അഡ്വ. ജി. ഗോപകുമാർ, എം.എം.തമ്പി, എം.എം. ഖാലിദ് ,സിബി തട്ടാംപറമ്പിൽ, രാജ്‌മോഹൻ ഉണ്ണിത്താൻ എന്നിവർ പ്രസംഗിച്ചു.
റോഡ് നിർമാണത്തിനിടെ ഗതാഗതത്തിന് താൽക്കാലികമായി റോഡിനായി സ്ഥലം വിട്ടുകൊടുത്ത ഹാഷിം, ഹംസ, സുനിത എന്നീ പ്രദേശവാസികളെ മന്ത്രി വി.എൻ. വാസവൻ പൊന്നാടയണിയിച്ച് ആദരിച്ചു. നിശ്ചയിച്ചതിലും വേഗത്തിൽ പാലം പണി പൂർത്തീകരിച്ച കരാറുകാരൻ ജൂബി എം. മാത്യൂവിനെയും മന്ത്രി യോഗത്തിൽ ആദരിച്ചു. 18 മാസമായിരുന്നു നിർമാണകാലാവധിയെങ്കിലും പത്തുമാസം കൊണ്ട് നിർമാണം പൂർത്തീകരിച്ചു. എറ്റുമാനൂർ നിയോജക മണ്ഡലത്തിലെ തിരുവാർപ്പ് ഗ്രാമപഞ്ചായത്തിനെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന എക റോഡായ ഇല്ലിക്കൽ തിരുവാർപ്പ് ക്ഷേത്രം റോഡിൽ (റിവർ ബാങ്ക് റോഡ്) ചേരിക്കൽ ഭാഗത്തെ മീനച്ചിലാറിന്റെ സംക്ഷണ ഭിത്തി തകർന്ന് റോഡിന്റെ ഒരു ഭാഗം ആറ്റിലേയ്ക്ക് പതിച്ച് ഗതാഗതം പൂർണ്ണമായും തടസപ്പെട്ടിരുന്നു.
പിന്നീട് സ്വകാര്യ ഭൂമിയിലൂടെ താൽക്കാലിക പാത നിർമിച്ചായിരുന്നു ഗതാഗതം പുനഃസ്ഥാപിച്ചത്. ഇതിന് ശാശ്വത പരിഹാരമായാണ് പത്തുകോടി രൂപ ചെലവിട്ട് 137.5 മീറ്റർ നീളത്തിൽ പുതുതായി പാലവും അപ്രോച്ച് റോഡും നിർമിച്ചത്.ഇല്ലിക്കൽ പാലത്തിൽ നിന്ന് തുറന്ന ജീപ്പിൽ കരകാട്ടത്തിന്റെയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെയാണ് മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസിനെയും വി.എൻ. വാസവനെയും ഉദ്ഘാടനസ്ഥലത്തേക്ക് വരവേറ്റത്.