'ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്'; അറിയിപ്പ് നൽകുന്നത് ശ്രീനിവാസും ഗോപാലകൃഷ്ണൻ നായരും! രണ്ട് ദശാബ്ദക്കാലമായി സന്നിധാനത്തെ അനൗൺസ്മെന്റ് താരങ്ങൾ.


ശബരിമല: ശബരിമല അയ്യപ്പ സന്നിധിയെ കഴിഞ്ഞ 24 വർഷങ്ങളായി  'ശബ്ദമുഖരിത'മാക്കുകയാണ് ആർ. എം. ശ്രീനിവാസനും എ.പി ഗോപാലകൃഷ്ണൻ നായരും. ദേവസ്വം ബോർഡിന്റെ പബ്ലിസിറ്റി കം പബ്ലിക് ഇൻഫർമേഷൻ സെന്ററിലെ അനൗൺസർമാരാണ് 64-കാരായ ഇരുവരും. അറിയിപ്പുകൾക്ക് പുറമേ "ശ്രീകോവിൽ ...", "ഹരിവരാസനം"  തുടങ്ങിയ ഭക്തിഗാനങ്ങളും ഇവിടെ നിന്നാണ് നിയന്ത്രിക്കുന്നത്.

നഷ്ടപ്പെടുന്ന വസ്തുക്കൾ, ചെയ്യേണ്ടതും ചെയ്തുകൂടാത്തതുമായ ആചാരങ്ങളെ കുറിച്ചുള്ള വിവരങ്ങൾ, സുരക്ഷാ മുന്നറിയിപ്പുകൾ, വഴിപാട് സമയ ക്രമീകരണങ്ങൾ, ശ്രീകോവിൽ അടയ്ക്കൽ, തുറക്കൽ വിവരങ്ങൾ തുടങ്ങിയവ ഇവിടെ നിന്നും വിവിധ ഭാഷകളിൽ ഭക്തരിലേക്ക് എത്തിക്കുന്നു. ദിനംപ്രതി ആയിരക്കണക്കിന് അയ്യപ്പന്മാർ ദർശനം നടത്തുന്ന സന്നിധാനത്ത് അഞ്ചു ഭാഷകളിലാണ് അറിയിപ്പുകൾ നൽകുന്നത്. കർണാടക ബംഗ്ലൂരു സ്വദേശിയായ ആർ. എം. ശ്രീനിവാസൻ കഴിഞ്ഞ 24 വർഷമായി അനൗൺസറായി തെലുങ്ക്, കന്നഡ, തമിഴ് ഭാഷകൾ കൈകാര്യം ചെയ്യുമ്പോൾ പത്തനംതിട്ട കോഴഞ്ചേരിക്കാരൻ എ.പി ഗോപാലകൃഷ്ണൻ നായർ 21 വർഷമായി മലയാളത്തിലാണ് വിവരങ്ങൾ നൽകുന്നത്.

ഇവർക്ക് കൂട്ടായി അഖിൽ അജയ് മൂന്നു വർഷമായി ഹിന്ദിയിലും ഇംഗ്ലീഷിലും അറിയിപ്പുകൾ നൽകുന്നു. കലാനിലയം നാടകവേദി അനൗൺസറിൽ നിന്നും അയ്യപ്പ സന്നിധിയിലെക്കുള്ള മാറ്റമാണ് ഗോപാലകൃഷ്ണന് പറയാനുള്ളത്. ശബരിമലയുടെ ചരിത്രവും ഐതിഹ്യവും ഭക്തലക്ഷങ്ങളിലേക്ക് പകരാൻ കഴിയുന്ന ആഹ്ലാദവും അദ്ദേഹം പങ്കുവെക്കുന്നു. ബി.എസ്.എഫ് ഭടനിൽ നിന്നും അനൗൺസറാവുകയും അയ്യപ്പ സന്നിധി തന്റെ ജീവിതത്തെ മാറ്റിമറിച്ച അനുഭവവുമാണ്  ശ്രീനിവാസന് പങ്കുവെക്കാനുള്ളത്.

പിന്നിട്ട വർഷങ്ങളിലൂടെ നടക്കുമ്പോൾ സംഭവബഹുലമായ ഓർമ്മകളാണ് ഇരുവര്‍ക്കും. കുഞ്ഞു കുട്ടികൾ അടക്കം ധാരാളം അയ്യപ്പന്മാരായിരുന്നു മുൻകാലങ്ങളിൽ കൂട്ടം തെറ്റിയിരുന്നത്. ഉറ്റവരിൽ നിന്ന് ഒരു നിമിഷത്തേക്ക് വേർപിരിയുകയും പിന്നീട് അവരെ കണ്ടുമുട്ടുമ്പോളുള്ള ആഹ്ലാദവും ആനന്ദകണ്ണീരും ഇവർ ഓർത്തെടുക്കുന്നു. കോവിഡ് നിയന്ത്രണങ്ങൾക്ക് ഇപ്പുറം അയ്യപ്പ സന്നിധി സാധാരണ രീതിയിലേക്ക് മടങ്ങിവന്നതിന്റെ സന്തോഷവും ഇരുവരും പ്രകടിപ്പിച്ചു.

കുട്ടികളുമായി സന്നിധാനത്ത് എത്തുന്നവർ തിരിച്ചറിയൽ കാർഡുകൾ കുട്ടികളുടെ കഴുത്തിൽ ധരിപ്പിക്കുക, തിരക്കുകളിൽ കൂട്ടം തെറ്റാതെ നോക്കുക തുടങ്ങിയ നിർദേശങ്ങളാണ് ശ്രീനിവാസിനും ഗോപാലൻകൃഷ്ണൻ നായർക്കും നൽകാനുള്ളത്.