ശബരിമല: ശബരിമല മണ്ഡല, മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് വിപുലമായ സജ്ജീകരണങ്ങളാണ് ആരോഗ്യവിഭാഗം ഒരുക്കിയിരിക്കുന്നത്. എല്ലാ അയ്യപ്പന്മാരും ആരോഗ്യകരമായി മലകയറി ഇറങ്ങുകയെന്ന ലക്ഷ്യത്തോടെ സന്നിധാനത്തും പമ്പയിലും പത്തനംതിട്ട ജനറൽ ആശുപത്രിയിലും പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സന്നിധാനത്തെ ഹോമിയോ, ആയുർവേദം, അലോപ്പതി ആശുപത്രികളിൽ ഇന്നലെ വരെ (ഡിസംബർ 1 ) 36,280 തീർത്ഥാടകർ ചികിത്സ തേടി.
24 മണിക്കൂറും പ്രവർത്തിക്കുന്ന ആശുപത്രികളിൽ നാല് വെന്റിലേറ്ററുകൾ, എമർജൻസി വാർഡുകൾ, ബ്ലഡ് ടെസ്റ്റിംഗ് ലാബ്, എക്സ്-റേ യൂണിറ്റ്, തിരുമൽ കേന്ദ്രം, ഐ.ആർ ലാമ്പ് തുടങ്ങി എല്ലാ അടിയന്തര സാഹചര്യവും നേരിടാൻ ആവശ്യമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 20 ഡോക്ടർമാരും 70 ഓളം ജീവനക്കാരുമാണ് അയ്യപ്പന്മാർക്ക് ആശ്വാസം പകരുന്നത്. പാമ്പുകടി പ്രതിരോധ മരുന്ന്, റാബീസ് വാക്സിനേഷൻ, മുറിവ് ഉണക്കൽ എന്നീ മരുന്നുകളുടെ കരുതൽ ശേഖരവുമുണ്ട്. ഹൃദയ സംബന്ധമായ രോഗങ്ങൾ, അപസ്മാരം തുടങ്ങിയവയ്ക്കാണ് കൂടുതൽ പേരും ചികിത്സ തേടുന്നത്. ആരോഗ്യപ്രശ്നങ്ങളുള്ള അയ്യപ്പന്മാർ സാവധാനം മലകയറണമെന്നും, ഭക്ഷണം, ഉറക്കം എന്നിവ ഒഴിവാക്കി മലകയരുതെന്നും ഡോക്ടർമാർ നിർദ്ദേശിക്കുന്നു.
നിലവിലെ കണക്കുകൾ പ്രകാരം ശബരിമലയിൽ പ്രതിദിനം ശരാശരി എൺപതിനായിരത്തോളം സ്വാമിമാരാണ് ദർശനം നടത്തുന്നത്. വൈദ്യസഹായം ആവശ്യമായി വരുന്നവർക്ക് സന്നിധാനത്തും ഇടത്താവളങ്ങളിലും ക്രമീകരിച്ചിരിക്കുന്ന എമർജൻസി മെഡിക്കൽ സെന്ററുകളിൽ നിന്ന് പ്രാഥമിക ചികിത്സ നൽകി കൂടുതൽ ചികിത്സ ആവശ്യമുള്ളവരെ പമ്പയിലേക്ക് മാറ്റും. ഇതിനായി ഫയർ ആൻഡ് റെസ്ക്യൂ, വനം വകുപ്പുകളുടെ പ്രത്യേക ആംബുലൻസുകൾ സജ്ജമാക്കിയിട്ടുണ്ട്.
സന്നിധാനത്തിലെ അണുനശീകരണത്തിന് അപരാജിത ചൂർണം പുകയ്ക്കലും ആയുർവേദ മരുന്നുകൾ ചേർത്ത കുടിവെള്ളവും ഭക്തർക്ക് വിതരണം ചെയ്യുന്നുണ്ട്.