സമ്പൂർണ്ണ ഇൻഷുറൻസ് പരിരക്ഷ ഒരുക്കാനൊരുങ്ങി മുത്തോലി പഞ്ചായത്ത്.


കോട്ടയം: തപാൽ വകുപ്പ് കോട്ടയം ഡിവിഷന്റെയും മുത്തോലി പഞ്ചായത്തിന്റെയും നേതൃത്വത്തിൽ പഞ്ചായത്തിലെ എല്ലാ ജനങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് രൺജിത്ത് ജി മീനാഭവൻ നിർവഹിച്ചു.

തപാൽ വകുപ്പ് കോട്ടയം ഡിവിഷൻ മാർക്കറ്റിങ്ങ് എക്സിക്യൂട്ടീവ് കെ.കെ.വിനു അധ്യക്ഷത വഹിച്ചു. തപാൽ ജീവനക്കാർ  പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലെയും വീടുകളിൽ  നേരിട്ട് എത്തി  ജനങ്ങളെ  പദ്ധതിയിൽ ചേർക്കും. ഉയർന്ന ബോണസ്  ഇൻഷുറൻസ് പരിരക്ഷയും ആദായ നികുതി ഇളവും  ലഭിക്കുന്ന പദ്ധതിയിൽ 18 വയസിനും 55 വയസിനും ഇടയിൽ പ്രായമുള്ളവർക്ക്   അംഗങ്ങളാകാം.

സർക്കാർ, അർദ്ധ സർക്കാർ ജീവനക്കാർക്കും ഡിപ്ലോമ, ബിരുദധാരികൾക്കും  കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കും. പെൺകുട്ടികളുടെ  വിവാഹ - വിദ്യാഭ്യാസ ആവശ്യത്തിനുള്ള സുകന്യ സമൃദ്ധി പദ്ധതിയിൽ 10 വയസ്സിൽ താഴെ പ്രായമുള്ള പെൺകുട്ടികളെ ചേർക്കും. ഡവലപ്മെന്റ് ഓഫീസർ ഡി. ഹർഷ്, പഞ്ചായത്ത് സെക്രട്ടറി വി.കെ രാജീവ്, പഞ്ചായത്തംഗങ്ങൾ എന്നിവർ പങ്കെടുത്തു.