കോട്ടയം: കേരള അഗ്നി രക്ഷാ വകുപ്പിന് കീഴിൽ പ്രവർത്തിച്ചുവരുന്ന സിവിൽ ഡിഫെൻസ് ആൻഡ് ഹോം ഗാർഡ്സ് സേനയുടെ സ്ഥാപകദിന പരിപാടികളുടെ ഭാഗമായി കോട്ടയം ജില്ലാ ആസ്ഥാനമായ കോട്ടയം അഗ്നി രക്ഷാ നിലയത്തിൽ ജില്ലാ ഫയർ ഓഫീസർ റെജി കുര്യാക്കോസ് പതാക ഉയർത്തുകയും ജീവനക്കാർക്ക് സന്ദേശം നൽകുകയും ചെയ്തു. സ്ഥാപക ദിനത്തോടനുബന്ധിച്ച് സിവിൽ ഡിഫൻസ് അംഗങ്ങൾ പൊതുജനങ്ങൾക്കിടയിൽ ലഘുലേഖ വിതരണം നടത്തുകയും സ്കൂളുകളിൽ ബോധവൽക്കരണ പരിപാടികൾ നടത്തുകയും ചെയ്തു.
സ്റ്റേഷൻ ഓഫീസർ അനൂപ് രവീന്ദ്രന്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ നിലയങ്ങളിൽ നിന്നുള്ള ഹോം ഗാർഡ് മാരും സിവിൽ ഡിഫൻസ് അംഗങ്ങളും ഈ പരിപാടിയിൽ പങ്കെടുത്തു.
സിവിൽ ഡിഫൻസ് ഹോം ഗാർഡ്സ് റൈസിംഗ് ഡേ 2022.
അധിക കാലമായിട്ടില്ല ഹോംഗാർഡ്സ് , സിവിൽ ഡിഫൻസ് തുടങ്ങിയ സേനാ വിഭാഗങ്ങളിൽ കേരളത്തിലെ ജനങ്ങളുടെ ശ്രദ്ധ പതിയാൻ തുടങ്ങിയിട്ട്. സാധാരണ ജനജീവിതം ദുസ്സഹമാവുന്ന ഏതൊരു ഘട്ടത്തിലും അവയ്ക്ക് പരിഹാരം കാണുന്നതിനും പ്രയാസമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കുന്നതിനും ജനങ്ങൾക്കിടയിൽ നിന്നു തന്നെ സ്വയം സന്നദ്ധരായെത്തി, പരിശീലനം നേടിയവരുടെ സംഘടനയാണ് സിവിൽഡിഫൻസ്. അടിയന്തിര ഘട്ടത്തിൽ ഇത്തരം സേവനങ്ങൾക്ക് പുറമെ ആഭ്യന്തര സുരക്ഷയ്ക്ക് പോലീസിനെയും മറ്റ് സുരക്ഷാ സേനകളെയും സഹായിക്കുക എന്ന ലക്ഷ്യത്തിന് മുൻതൂക്കം നൽകി രൂപീകരിക്കപ്പെട്ടതാണ് ഹോം ഗാർഡ്സ്. രാഷ്ട്ര സേവനം ലക്ഷ്യമാക്കി നിയമാനുസൃതം പ്രവർത്തിക്കുന്ന രണ്ട് സന്നദ്ധസംഘടനകളിലേയും അംഗങ്ങളുടെ സേവനങ്ങളെക്കുറിച്ചും അർപ്പണ മനോഭാവത്തെക്കുറിച്ചും ജനങ്ങളെ ബോധവാൻമാക്കുന്നതിനും കൂടുതൽ ജനങ്ങളെ ഈ സന്നദ്ധ സേനകളിലേക്ക് ആകർഷിക്കുന്നതിനും ഈ മേഖലയിൽ പ്രവർത്തിച്ച് കൊണ്ടിരിക്കുന്നവർക്ക് ഊർജ്ജം പകർന്ന് നൽകുന്നതിനുമായി ഓരോ വർഷവും ഡിസംബർ 6 ന് ദേശീയ തലത്തിൽ സിവിൽ ഡിഫൻസ് ആൻഡ് ഹോം ഗാർഡ്സ് റൈസിംഗ് ഡേ ആയി ആചരിച്ച് വരുന്നുണ്ട്.
ഇതിൻ്റെ ഭാഗമായി ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ഡയറക്ടർ ജനറൽ കേരളാ ഫയർ ആൻഡ് റസ്ക്യു സർവീസസ്, ഹോം ഗാർഡ്സ് ആൻഡ് സിവിൽ ഡിഫൻസ് ഡോ.ബി.സന്ധ്യ കേരളത്തിലെ 129 ഫയർ ആൻഡ് റസ്ക്യു സ്റ്റേഷനുകളിലും 14 ജില്ലാ ഫയർ ആൻഡ് റസ്ക്യു സർവീസസ് ആസ്ഥാനങ്ങളിലുമായി അണിനിരക്കുന്ന കേരളത്തിലെ സിവിൽഡിഫൻസ്, ഹോംഗാർഡ്സ് അംഗങ്ങളെ ഓൺലൈൻ ആയി അഭിസംബോധന ചെയ്യുകയും അവർക്ക് സന്നദ്ധ സേവന പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കുകയും ചെയ്യുന്നു. തുടർന്ന് ജില്ലാ ആസ്ഥാനത്ത് വകുപ്പിന്റെ പ്രവർത്തനങ്ങൾ, സിവിൽ ഡിഫൻസ് ആൻഡ് ഹോം ഗാർഡ്സ് അംഗങ്ങളുടെ ചുമതലകൾ, ഉത്തരവാദിത്വങ്ങൾ എന്നിവ സംബന്ധിച്ച് ക്ലാസ് നടന്നു. ഈ കേന്ദ്രങ്ങളിൽ എല്ലാം സിവിൽ ഡിഫൻസ് -ഹോംഗാർഡ് പതാക ഉയർത്തുന്ന ചടങ്ങുകളും നടന്നു.
ഡിസംബർ 6 മുതൽ 12 വരെ നീണ്ടു നിൽക്കുന്ന ഒരാഴ്ചക്കാലം രക്തദാന ക്യാമ്പുകൾ, പ്രഥമ ശുശ്രൂഷ, ഗാർഹിക സുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസ്സുകൾ, ഡമോൺസ്ട്രേഷൻ, മോക്ഡ്രിൽ, ലഘുലേഖാ വിതരണം, ദുരന്ത ലഘൂകരണം ലക്ഷ്യമിട്ട് ദുരന്തമേഖലകളെക്കുറിച്ചുള്ള സർവ്വേ, ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങിയ കർമ്മപദ്ധതികളും ഈ വർഷത്തിലെ സിവിൽ ഡിഫൻസ് ആൻഡ് ഹോം ഗാർഡ് റൈസിംഗ് ഡേ ആചരണത്തിൻ്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. 2019 ഡിസംബർ 10 ന് ആണ് സിവിൽ ഡിഫൻസ് സംവിധാനം കേരളത്തിൽ രൂപീകരിക്കപ്പെടുന്നത്. എന്നാൽ രണ്ട് വർഷത്തിനിടയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ മുൻനിര പോരാളികളായും ഇക്കഴിഞ്ഞ മൺസൂൺ കാലത്ത് ദുരന്തലഘൂകരണ പ്രവർത്തനങ്ങളിൽ കേരളാ ഫയർ ആൻഡ് റസ്ക്യു സർവീസസിൻ്റെ കൈയ്യാളുകളായും കേരളത്തിലുടനീളം അസംഖ്യം ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ വാർത്തക്കൊപ്പവും സിവിൽ ഡിഫൻസ് എന്ന ജനകീയസേന ജനമനസ്സുകളിലും വാർത്താ മാധ്യമങ്ങളിലും നവമാധ്യമങ്ങളിലും ഇന്ന് നിറഞ്ഞു നിൽക്കുന്നുണ്ട്.
പട്ടാളക്കാരുടെ മാത്രമല്ല സാധാരണ പൗരൻ്റെ ജീവിതവും യുദ്ധക്കെടുതികൾക്ക് ഇരയാകാറുണ്ട്. ജനവാസ കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ട് പരിക്കേറ്റ് മൃതപ്രായരായി പ്രാഥമിക ചികിൽസ പോലും ലഭിക്കാത്ത സാധാരണ പൗരൻമാരുടെ ദൃശ്യം ഏത് യുദ്ധത്തിൻ്റേയും കരളലിയിപ്പിക്കുന്ന ബാക്കി പത്രമാണ്. ഇത്തരം ഘട്ടങ്ങളിൽ പൗരൻമാർക്ക് ചികിൽസയും പരിചരണം ലഭ്യമാക്കാനും, മുൻകരുതലുകളെക്കുറിച്ച്ബോധവൽക്കരണം നടത്താനുമാണ് ലോകത്ത് സിവിൽഡിഫൻസ് എന്ന സാധാരണ പൗരൻ്റെ പ്രതിരോധ സേന നിലവിൽ വന്നത്. 1931 ലാണ് ഒരു ഓർഗനൈസേഷൻ എന്ന നിലയിൽ ലോക വ്യാപകമായി സിവിൽ ഡിഫൻസ് രൂപം കൊള്ളുന്നത്. ലോക മഹായുദ്ധത്തിൻ്റെ കെടുതികൾ പട്ടാളക്കാർക്കു പുറമെ സാധാരണ പൗരൻമാരുടെ ജീവിതത്തേയും താറുമാറാക്കിയപ്പോഴാണ് ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന ഈ ജനകീയ സേന ഇന്ത്യയിലും നിലവിൽ വന്നത്.
1941ൽ ബ്രിട്ടീഷ് ഇന്ത്യയിൽ സിവിൽ ഡിഫൻസ് സംവിധാനം ആദ്യമായി രൂപം കൊണ്ടു. 1962ലെ ചൈനീസ് അധിനിവേശവും 1965 ലെ പാകിസ്ഥാൻ ആക്രമണവുമാണ് സ്വതന്ത്ര ഇന്ത്യയിൽ സിവിൽ ഡിഫൻസ് സംവിധാനത്തിൻ്റെ പ്രാധാന്യം ബോധ്യപ്പെടുത്തിയത്. 1968 ലാണ് ഇന്ത്യയിൽ സിവിൽ ഡിഫൻസ് ആക്റ്റ് നിലവിൽ വന്നത്.1971 ലെ ഇന്ത്യാ പാക് യുദ്ധകാലത്ത് സിവിൽ ഡിഫൻസ് സേനയുടെ സേവനം ഏറെ ജനശ്രദ്ധ നേടി. യുദ്ധഭീതിയുടെ നിഴൽ ഒരു പരിധി വരെ സാധാരണക്കാരുടെ തലയ്ക്ക്മുകളിൽ നിന്ന് ഒഴിഞ്ഞു തുടങ്ങിയതോടെ പല രാജ്യങ്ങളും സിവിൽ ഡിഫൻസ് സംവിധാനത്തെ സമാധാന കാലത്തെ രാഷ്ട്ര നിർമ്മാണ പ്രവർത്തനങ്ങളിലേക്ക് വ്യാപിപ്പിച്ചു. പ്രകൃതി ദുരന്തങ്ങളും മനുഷ്യനിർമ്മിത ദുരന്തങ്ങളും നേരിടുന്നതിനും ആഘാതം കുറയ്ക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾക്കും സിവിൽ ഡിഫൻസിനെ ഉപയോഗപ്പെടുത്തിത്തുടങ്ങി.
2005 ദേശീയ ദുരന്തനിവാരണ നിയമം നിലവിൽ വന്നതോടെ അതിൻ്റെ ചുവടുപിടിച്ച് 2009ൽ ദുരന്തവാരണ പ്രവർത്തനവും സിവിൽ ഡിഫൻസ് വളണ്ടിയർമാരുടെ പ്രവർത്തനമേഖലയായി സിവിൽ ഡിഫൻസ് ആക്റ്റിൽ ഭേദഗതി വരുത്തി ഉത്തരവായി. പിന്നീട് രാജ്യം നേരിട്ട പല ദുരന്തങ്ങളുടെയും ലഘൂകരണ പ്രവർത്തനങ്ങളിൽ സേവനം കൈമുതലായ സിവിൽ ഡിഫൻസ് വളണ്ടിയർമാർ ഭാഗഭാക്കായി. കേരളത്തിൽ അഗ്നി രക്ഷാ സേനയുടെ തലവൻ സിവിൽ ഡിഫൻസിൻ്റെ ഹോം ഗാർഡ്സിൻ്റേയും മേലധികാരികൂടിയായി രുന്നെങ്കിലും പൂർണ്ണമായും സന്നദ്ധ സേനയായ സിവിൽ ഡിഫൻസ് 2019 വരെ കേരളത്തിൽ രൂപീകരിച്ചിരുന്നില്ല.
സിവിൽ ഡിഫൻസ് പോലെ തന്നെ ആഭ്യന്തരസുരക്ഷക്ക് വേണ്ടിയുള്ളതെങ്കിലും, മറ്റ് സായുധ സേനകളിൽ നിന്ന് പരിശീലനം നേടിയവരുടെ പ്രവർത്തനം ഉപയോഗപ്പെടുത്തി ഹോം ഗാർഡ്സ് സംവിധാനം വർഷങ്ങൾക്ക് മുമ്പെ കേരളത്തിൽ നിലവിൽ വന്നിട്ടുണ്ട്. എന്നാൽ 2018 ലും 2019ലും തുടർച്ചയായുണ്ടായ മഹാപ്രളയങ്ങളുടെ പശ്ചാതലത്തിൽ കേര ജനതയുടെ സന്നദ്ധ സേവനങ്ങളോടുള്ള ആഭിമുഖ്യം തിരിച്ചറിഞ്ഞ് സിവിൽ ഡിഫൻസ് സംവിധാനം കേരളാ ഫയർ &റസ്ക്യു സർവീസസിനു കീഴിൽ ആരംഭിക്കുന്നതിന് കേരളഗവൺമെൻ്റ് തീരുമാനമെടുത്തു. (ഗവ: ഉത്തരവ് നമ്പർ 132/2019 തിയ്യതി 30-8-2019 ) 2019 ഡിസംബർ 10 നാണ് കേരളാ സിവിൽ ഡിഫൻസ് കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് വെച്ച് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്നത്. കേരളത്തിലെ 129 ഫയർസ്റ്റേഷനുകളുടെ യും കീഴിൽ 50 പേരടങ്ങുന്ന( കേരളത്തിൽ ആകെ 6450പേർ)സിവിൽ ഡിഫൻസ് സേനാംഗങ്ങളെയാണ് ഓൺലൈൻ സംവിധാനത്തിലൂടെ അപേക്ഷ ക്ഷണിച്ച് പരിശീലനം നൽകി ഇപ്പോൾ സജ്ജരാക്കിക്കിയിരിക്കുന്നത്.