ശലഭം 2022; ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു.


വൈക്കം: ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാ-കായിക മത്സരങ്ങൾ സംഘടിപ്പിച്ച് ചെമ്പ് ഗ്രാമ പഞ്ചായത്ത്. ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ പഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കലോത്സവം സംഘടിപ്പിച്ചത്.

കലോത്സവത്തിന്റെ ഭാഗമായി പഞ്ചായത്ത് പടിക്കൽനിന്നു ബ്രഹ്മമംഗലം സൂര്യ ഓഡിറ്റോറിയത്തിലേക്ക് വർണാഭമായ ഘോഷയാത്ര നടന്നു. കലോത്സവം ചെമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുകന്യാ സുകുമാരൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ. കെ രമേശൻ അധ്യക്ഷനായി. ശലഭം 2022 എന്ന പേരിൽ നടന്ന കലോത്സവത്തിൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ വിവിധ കലാമത്സരങ്ങൾ അരങ്ങേറി. മോണോ ആക്ട്, മിമിക്രി, നൃത്തം, പാട്ട്, മാജിക്ക് ഷോ, തുടങ്ങിയ വിവിധ കലാ മത്സരങ്ങളോടൊപ്പം ബാലവേദി കുട്ടികളുടെ നാടൻ പാട്ടും ശ്രദ്ധേയമായി.

മത്സര വിജയികളായ കുട്ടികളെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സമ്മാനങ്ങൾ നൽകി ആദരിച്ചു.  ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജസീല നവാസ്, എം.കെ ശീമോൻ, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷമാരായ ലത അനിൽകുമാർ, ആശ ബാബു, ഐ.സി.ഡി.എസ് സൂപ്പർവൈസർ കെ. എം നീതു എന്നിവർ പങ്കെടുത്തു.