കോട്ടയം: ആഫ്രിക്കൻ ഒച്ച് ശല്യം രൂക്ഷമായതിനെത്തുടർന്ന് അടിയന്തര നടപടികളുമായി അതിരമ്പുഴ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ 15, 17, 18 വാർഡുകളിലാണ് ഒച്ച് ശല്യം രൂക്ഷമായിരിക്കുന്നത്. പ്രശ്‌ന പരിഹാരത്തിനായി ചേർന്ന പ്രത്യേക ഗ്രാമസഭയിൽ ഒച്ചിനെ കെണിവച്ച് പിടിച്ച് നശിപ്പിക്കുന്നത് സംബന്ധിച്ച ശാസ്ത്രീയ വശങ്ങൾ ചർച്ചചെയ്തു. ഒച്ചിനെ കെണിവച്ച് പിടിക്കുന്നതിനായി ഗോതമ്പ് പൊടി, ശർക്കര, തുരിശ്, യീസ്റ്റ് എന്നിവ ചേർത്ത് തയാറാക്കുന്ന മിശ്രിതം ഒച്ച് വ്യാപനം രൂക്ഷമായ പ്രദേശങ്ങളിലെ എല്ലാ വീടുകളിലും പഞ്ചായത്ത് എത്തിക്കും.
കെണി ഒരുക്കി ഒച്ചിനെ നശിപ്പിക്കുന്ന രീതി സംബന്ധിച്ച ബുക്ക് ലെറ്റുകൾ പഞ്ചായത്ത് വിതരണം ചെയ്തു. കെണിയിൽ കുടുങ്ങുന്ന ഒച്ചിനെ ഒരു ദിവസം മുഴുവൻ ഉപ്പ് ലായനിയിൽ ഇട്ട് കൊന്നതിന് ശേഷം കുഴിച്ചു മൂടും. കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ്മസേന അംഗങ്ങൾ എന്നിവരുടെ പിന്തുണയോടെ പ്രതിരോധ പ്രവർത്തനം ഏകോപിപ്പിക്കും. ഇതിന്റെ ഭാഗമായി ഒച്ചിന്റെ വ്യാപനത്തിന് അനുകൂല സാഹചര്യം സൃഷ്ടിക്കുന്ന കുറ്റിക്കാടുകളും മാലിന്യങ്ങളും ഹരിത കർമ്മസേനയുടെ നേതൃത്വത്തിൽ നീക്കും.
കുമരകം കൃഷി വിജ്ഞാന കേന്ദ്രം, ആരോഗ്യ പ്രവർത്തകർ എന്നിവരും യജ്ഞത്തിൽ പങ്കാളികളാകും. ഒച്ച് നിർമ്മാർജ്ജന പ്രവർത്തനങ്ങളിൽ പഞ്ചായത്തിനൊപ്പം ജനങ്ങളും സജീവമായി പങ്കാളികളാകണമെന്ന് അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ പറഞ്ഞു.