എരുമേലി: കേരളപ്പിറവി ദിനത്തിൽ നാടുണർന്നത് അപകട വാർത്തയുടെ ഞെട്ടലിൽ. എരുമേലിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.
എരുമേലി മുക്കൂട്ടുതറ ഇടകടത്തി അറുവച്ചാംകുഴി സ്വദേശി കിണറ്റുകരയിൽ വിഷ്ണു (22) ആണ് ഇന്ന് രാവിലെയുണ്ടായ അപകടത്തിൽ മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടെ മുക്കൂട്ടുതറ ഇടകടത്തിയിൽ ആണ് അപകടം ഉണ്ടായത്. സുഹൃത്തുക്കളും നാട്ടുകാരും ഞെട്ടലോടെയാണ് വിഷ്ണുവിന്റെ മരണ വാർത്ത കേട്ടത്.
വിഷ്ണു ഓടിച്ചിരുന്ന ബൈക്കും ചരക്ക് ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ വിഷ്ണുവും ബൈക്കും ലോറിക്കടിയിൽപ്പെടുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാർ മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.