പമ്പ: പമ്പ മുതല്‍ സന്നിധാനം വരെ ഏര്‍പ്പെടുത്തിയിട്ടുള്ള ആരോഗ്യസ്ഥാപനങ്ങള്‍ വഴി ഞായറാഴ്ച വരെ 25719 പേര്‍ക്ക് സേവനം നല്‍കിയതായി പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ഇതില്‍ 210 പേര്‍ അടിയന്തര വൈദ്യസഹായം ആവശ്യമുള്ളവരായിരുന്നു. 37 പേര്‍ക്ക് ഹൃദയാഘാതം ഉണ്ടായി. ഇവരില്‍ 30 പേരുടെ ജീവന്‍ രക്ഷിച്ചു. ശബരിമലയാത്രയ്ക്ക് തയ്യാറെടുക്കുന്നവര്‍ പതിവായി അരമണിക്കൂറെങ്കിലും നടക്കണം.
സ്ഥിരമായി മരുന്നു കഴിക്കുന്നവര്‍ അത് മുടക്കരുത്. പമ്പ, നീലിമല, അപ്പാച്ചിമേട്, സന്നിധാനം ആശുപത്രികളില്‍ ഹൃദയാരോഗ്യവിദഗ്ധരുടെ സേവനം ലഭ്യമാണ്. മലകയറുന്ന തീര്‍ഥാടകര്‍ക്ക് ആരോഗ്യകാര്യത്തില്‍ അതീവശ്രദ്ധയുണ്ടാവണം. പമ്പയില്‍ മതിയായ വിശ്രമത്തിന് ശേഷമേ മലകയറാവൂ. വയര്‍നിറയെ ഭക്ഷണം കഴിച്ചയുടന്‍ മലകയറരുത്. സാവധാനം മാത്രം മലകയറുക. ശ്വാസംമുട്ട്, നെഞ്ചുവേദന തളര്‍ച്ച തുടങ്ങി എന്ത് ശാരീരിക ബുദ്ധിമുട്ടുണ്ടായാലും മലകയറ്റം നിര്‍ത്തണം. പമ്പ മുതല്‍ സന്നിധാനം വരെയുള്ള ഇരുപാതകളിലും അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്.
ഹൃദയപുനരുജ്ജീവനം ഉള്‍പ്പെടെയുള്ള എല്ലാ പ്രഥമശുശ്രൂഷയും ഈ കേന്ദ്രങ്ങളില്‍ ലഭ്യമാണ്. അവശത അനുഭവപ്പെട്ടാല്‍ 04735 203232 എന്ന നമ്പരില്‍ ബന്ധപ്പെട്ടാല്‍ അഞ്ച് മിനുട്ടിനുള്ളില്‍ ആരോഗ്യപ്രവര്‍ത്തകരെത്തും. രോഗികളെ ആശുപത്രിയില്‍ എത്തിക്കാന്‍ സ്ട്രച്ചര്‍ സേവനം ഉല്‍പ്പെടെ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ എല്‍. അനിതാകുമാരി അറിയിച്ചു.