എം.ജി. സര്‍വകലാശാലാ അക്കാദമിക് കാര്‍ണിവല്‍ ജനുവരിയില്‍; സ്വാഗത സംഘം രൂപീകരിച്ചു, മാതൃകാപരമായ ചുവടുവയ്പ്പ്; മന്ത്രി വി.എന്‍. വാസവന്‍.


കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ ആഭിമുഖ്യത്തില്‍ ജനുവരിയില്‍ കോട്ടയത്ത് സംഘടിപ്പിക്കുന്ന യുനോയ-  2023 അക്കാദമിക് കാര്‍ണിവലിന്റെ സ്വാഗതസംഘം രൂപീകരിച്ചു. കോട്ടയം ബസേലിയോസ് കോളേജില്‍  നടന്ന സ്വാഗത സംഘ രൂപീകരണ യോഗം സഹകരണ- സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എന്‍.  വാസവന്‍ ഉദ്ഘാടനം ചെയ്തു.

സമാനതകളില്ലാത്ത നിരവധി മാതൃകകള്‍ സൃഷ്ടിച്ച മഹാത്മ ഗാന്ധി സര്‍വകലാശാലയുടെ കാലോചിതമായ ചുവടുവയ്പ്പാണ് അക്കാദമിക് കാര്‍ണിവലെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കു മുന്നില്‍ സാധ്യതകളുടെ വിപുലമായ ലോകം തുറക്കാന്‍ സര്‍വകലാശാലയ്ക്കും അഫിലിയേറ്റഡ് കോളജുകള്‍ക്കും ഇതുവഴി സാധിക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. സര്‍വകലാശാലയിലെയും അഫിലിയേറ്റഡ് സ്ഥാപനങ്ങളിലെയും അക്കാദമിക ഗവേഷണ പ്രോഗ്രാമുകള്‍, സ്റ്റാര്‍ട്ട് അപ്, ട്രാന്‍സലേഷണല്‍ റിസര്‍ച്ചുകള്‍ തുടങ്ങിയവയെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് അറിവു നല്‍കുന്നതിന് ലക്ഷ്യമിട്ടാണ് ജനുവരി 17 മുതല്‍ 19 വരെ കോട്ടയം നഗരത്തില്‍ കാര്‍ണിവല്‍ സംഘടിപ്പിക്കുന്നത്.

യോഗത്തില്‍ എം.പിമാരായ തോമസ് ചാഴികാടന്‍, ജോസ് കെ. മാണി, എം.എല്‍.എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ജോബ് മൈക്കിള്‍, വൈസ് ചാന്‍സലര്‍ പ്രഫ. സാബു തോമസ്, പ്രോ വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍, സിന്‍ഡിക്കേറ്റ് അംഗങ്ങളായ റെജി സഖറിയ, പി. ഹരികൃഷ്ണന്‍, ഡോ. ഷാജില ബീവി, രജിസ്ട്രാര്‍ ഡോ. ബി. പ്രകാശ്കുമാര്‍, സര്‍വകലാശാലയിലെ വിവിധ വകുപ്പുകളുടെ മേധാവികള്‍, അധ്യാപക, അനധ്യാപക, വിദ്യാര്‍ഥി പ്രതിനിധികള്‍, അഫിലിയേറ്റഡ് കോളേജുകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വൈസ് ചാന്‍സലര്‍ പ്രഫ. സാബു തോമസ് ചെയര്‍മാനായുള്ള സ്വാഗത സംഘത്തിന്റെ മുഖ്യ രക്ഷാധികാരി മന്ത്രി വി.എന്‍. വാസവനാണ്.  പ്രോ വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാറാണ് ജനറല്‍ കണ്‍വീനര്‍.  സിന്‍ഡിക്കേറ്റ് അംഗങ്ങളായ അഡ്വ. റെജി സഖറിയ, ജോബ് മൈക്കിള്‍ എം.എല്‍.എ, ഡോ. ബിജു തോമസ്, രജിസ്ട്രാര്‍ ഡോ. ബി. പ്രകാശ്കുമാര്‍ എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരും ഡോ. ഷാജില ബീവി കോ ഓര്‍ഡിനേറ്ററുമാണ്. വിവിധ കമ്മിറ്റികളുടെ ഭാരവാഹികളെയും യോഗം തിരഞ്ഞെുത്തു. കോട്ടയം മാമ്മന്‍ മാപ്പിള ഹാള്‍, തിരുനക്കര മൈതാനം, നഗരത്തിലെ വിവിധ കോളേജുകള്‍ എന്നിവിടങ്ങളിലായാണ് കാര്‍ണിവല്‍ സംഘടിപ്പിക്കുന്നത്.

അക്കാദമിക് മേഖലയിലെ വിദഗ്ധരും ഗവേഷകരും പങ്കെടുക്കുന്ന സംവാദങ്ങള്‍, ചര്‍ച്ചകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രസാധകരും പങ്കെടുക്കുന്ന പ്രദര്‍ശനം, കലാ സാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയവ കാര്‍ണിവലിന്റെ ഭാഗമായി നടക്കുമെന്ന് വൈസ് ചാന്‍സലര്‍ പ്രഫ. സാബു തോമസ് പറഞ്ഞു.