കോട്ടയം: ശബരിമല തീർത്ഥാടനം സുഗമമാക്കാനായി ഇടത്താവളങ്ങളിലടക്കം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വിവിധ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് തദ്ദേശ സ്വയംഭരണ ജോയിൻ്റ് ഡയറക്ടർ ബിനു ജോൺ പറഞ്ഞു.
കോട്ടയം റെയിൽവേ സ്റ്റേഷൻ, തിരുനക്കര ക്ഷേത്രം എന്നിവിടങ്ങളിൽ ശുചീകരണ തൊഴിലാളികളെ പ്രത്യേകം നിയോഗിച്ചു. അത്യാവശ്യ ഘട്ടങ്ങളിൽ ആംബുലൻസ് സൗകര്യവുമുണ്ട്. വൈദ്യുതി, കുടിവെള്ളം എന്നിവയ്ക്കുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഏറ്റുമാനൂർ നഗരസഭ കുടിവെള്ളം, വൈദ്യുതി ലഭ്യത എന്നിവ 24 മണിക്കൂറും ഉറപ്പാക്കിയിട്ടുണ്ട്. വാട്ടർ ഡിസ്പെൻസർ ഇടത്താവളങ്ങളിൽ സജ്ജമാക്കിയിട്ടുണ്ട്. ശുചീകരണത്തിന് കണ്ടിജന്റ്ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. മെഡിക്കൽ സംഘത്തിൻ്റെ സേവനം 24 മണിക്കൂറും ഉറപ്പു വരുത്തിയിട്ടുണ്ട്.
പാലാ നഗരസഭ പരിധിയിലെ പൊതു ടോയ്ലറ്റുകൾ തീർത്ഥാടകർക്ക് വേണ്ടി ഉപയോഗ്യമാക്കിയിട്ടുണ്ട്. കുളിക്കടവ് വൃത്തിയാക്കി തീർത്ഥാടകർക്ക് സ്നാനംചെയ്യുന്നതിന് സൗകര്യം ഏർപ്പെടുത്തി. കൂടുതൽ തെരുവുവിളക്കുകൾ സ്ഥാപിച്ചു. കുടിവെള്ള ലഭ്യതയും ഉറപ്പാക്കി.
എരുമേലി ഗ്രാമപഞ്ചായത്ത് അഞ്ചിലധികം കടവുകൾ വൃത്തിയാക്കി കടവുകളിൽ സ്ട്രീറ്റ്ലൈറ്റുകൾ സ്ഥാപിച്ചു. കുളി ക്കടവുകളിൽ തീർത്ഥാടകരുടെ സുരക്ഷയ്ക്കായി മുഴുവൻ സമയ ലൈഫ് ഗാർഡുകളുടെ സേവനം ഉറപ്പ് വരുത്തിയിട്ടുണ്ട്. കാനന പാതകളിലും വഴിവിളക്കുകൾ സ്ഥാപിച്ചിട്ടുണ്ട്. കുടിവെളളവും വൈദ്യുതിയും മുടങ്ങാതിരിക്കാൻ കെ.എസ്.ഇ.ബി, ജല അതോറിറ്റി വകുപ്പുകളുടെ സഹകരണം ഉറപ്പാക്കി. ടോയ്ലറ്റുകൾ ഉപയോഗക്ഷമമാക്കി. മാലിന്യശേഖരണത്തിനായി വാഹനങ്ങൾ ഏർപ്പാടാക്കി. പൊടിശല്യമുണ്ടാകാതിരിക്കാൻ വാഹനത്തിൽ വെള്ളം തളിക്കുന്നുണ്ട്. താത്കാലികകടകളിലെ മാലിന്യം നീക്കം ചെയ്യുന്നതിന് വാതിൽപ്പടി ശേഖരണ സംവിധാനമുണ്ട്. തീർത്ഥാടന പാതയോരങ്ങളിലെ മാലിന്യങ്ങൾ വിശുദ്ധിസേനയെ ഉപയാഗിച്ച് നീക്കം ചെയ്യുന്നുണ്ട്. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിൽ ശബരിമല പാതകളിൽ വഴിവിളക്കുകൾ സ്ഥാപിച്ചു. ആവശ്യമായ അറ്റകുറ്റപ്പണി നടത്തി. ഇടത്താവളമായ നാലു ക്ഷേത്രങ്ങൾക്ക് ആവശ്യമായ പാത്രങ്ങൾ ഉൾപ്പെടെയുള്ള സാധനസാമഗ്രികൾ വിതരണം ചെയ്തു. കുളിക്കടവുകൾ വൃത്തിയാക്കി. ഇവിടെ ആവശ്യമായ ലൈറ്റുകൾ സ്ഥാപിച്ചു. ദിശാ, മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു. അയ്യപ്പഭക്തർ ഉപയാഗിക്കുന്ന കിണർ വൃത്തിയാക്കി. കുളിക്കടവുകളിൽ ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തി. ഓരുങ്കൽ ഭാഗത്തെ കാട് വെട്ടി വൃത്തിയാക്കി.
ചിറക്കടവ് ഗ്രാമപഞ്ചായത്ത് ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട പ്രധാന കടവുകളിൽ ആറു ഭാഷകളിലുള്ള മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും വൈദ്യുതി വിളക്കുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ബസ് സ്റ്റാൻഡിലും പെട്രോൾ പമ്പുകളിലും മാലിന്യനിർമ്മാർജന ബോധവത്കരണ ബോർഡുകൾ സ്ഥാപിച്ചു. മൂന്ന് ഇടത്താവളങ്ങളിലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കോരുത്തോട് ശബരിമല പാതകളിൽ ദിശാ മുന്നറിയിപ്പ്, മാലിന്യ നിർമ്മാർജ്ജന ബോധവത്കരണ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. എലിക്കുളം ഗ്രാമപഞ്ചായത്തിൽ ശബരിമല പാതകളിൽ അപകട വളവ്, ശുചിമുറി,ഇടത്താവളം എന്നിവ സംബന്ധിച്ച ദിശാബോർഡുകൾ സ്ഥാപിച്ചു. ഇടത്താവളങ്ങളായ അമ്പലങ്ങളിൽ കുടി വെള്ള സംവിധാനവും സോളാർ ലൈറ്റും സ്ഥാപിച്ചിട്ടുണ്ട്. പാറത്തോട് ഗ്രാമപഞ്ചായത്ത് ശബരിമലപാതകളിൽ തെരുവു വിളക്കുകളും അറിയിപ്പ് ബോർഡുകളും സ്ഥാപിച്ചു. മുണ്ടക്കയം ഗ്രാമപഞ്ചായത്തും തെരുവുവിളക്കുകൾ സ്ഥാപിച്ചു. മുത്തോലി ഗ്രാമപഞ്ചായത്തിലെ പ്രധാന ഇടത്താവളമായ കടപ്പാട്ടൂർ അമ്പലത്തിൽ വിരിപ്പന്തൽ നിർമ്മാണം പൂർത്തീകരിച്ചുവരുന്നു. മൂന്നു മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു. ആറ്റുകടവിൽ സൗകര്യങ്ങൾ ഏർപ്പെടുത്തി.